മാറ്റിവച്ച നീറ്റ് പിജി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

Friday 05 July 2024 3:24 PM IST

ന്യൂഡൽഹി: ക്രമക്കേടുകളുടെ പേരിൽ വലിയ വിവാദമാകുകയും മാറ്റിവയ്‌ക്കുകയും ചെയ്‌ത നീറ്റ്-പിജി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്‌റ്റ് 11ന് പരീക്ഷ നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻ‌ബി‌ഇ) അറിയിച്ചു. ജൂൺ 23ന് ഷെഡ്യൂൾ ചെയ്‌ത പരീക്ഷയാണ് ക്രമക്കേട് കണ്ടെത്തിയതോടെ മാറ്റിയത്. ഈ പരീക്ഷകളാണ് അടുത്ത മാസം നടക്കുക.

രണ്ട് ഷിഫ്‌റ്റുകളായിട്ടാകും പരീക്ഷ നടത്തുക. 1.75ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ് പിജി പരീക്ഷയെഴുതുക. എല്ലാ പഴുതുകളും അടച്ച് സുരക്ഷിതമായാണ് പരീക്ഷ നടത്തുകയെന്നാണ് വിവരം.

അതേസമയം, നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐയുടെ നിർണായക അറസ്റ്റ് കഴിഞ്ഞദിവസം നടന്നിരുന്നു. മുഖ്യസൂത്രധാരൻ അമൻ സിംഗിനെ ജാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. കേസിൽ സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റാണിത്. ഹസാരിബാഗിലെ സ്‌കൂൾ പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരിബാഗിലെ സ്‌കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്‌കൂൾ പ്രിൻസിപ്പലിനെയും പരീക്ഷാ സെന്റർ സൂപ്രണ്ടിനെയുമടക്കം അറസ്റ്റ് ചെയ്തത്.


ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയിൽ നിന്ന് ഒരു സ്വകാര്യ സ്‌കൂൾ ഉടമയെ സി,ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയിൽ കൃത്രിമം നടത്താൻ 27 വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.


നീറ്റ് യു.ജി ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. മേയ് അഞ്ചിന് നടത്തിയ പരീക്ഷയിൽ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണമുയർതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് നിർബന്ധിതമായത്. ഇതിന്റെ തുടർച്ചയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന മറ്റു പരീക്ഷകളും മാറ്റിവച്ചിരുന്നു.