പൂനെയിൽ അമിതവേഗത്തിൽ പോർഷെ കാറോടിച്ച് അപകടം വരുത്തിയ 17കാരൻ ശിക്ഷയായി ഉപന്യാസം എഴുതി

Friday 05 July 2024 4:13 PM IST

പൂനെ: രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയായ അപകടമുണ്ടാക്കിയ 17കാരൻ റോഡ് സുരക്ഷയെക്കുറിച്ച് 300 വാക്കിൽ ഉപന്യാസം എഴുതി സമർപ്പിച്ചു. മഹാരാഷ്‌ട്രയിലെ പൂനെയിൽ മേയ് 19നാണ് 17കാരൻ പോർഷെ കാർ ഓടിച്ച് അപകടമുണ്ടാക്കിയത്. അമിതമായി മദ്യപിച്ച ശേഷം 17കാരൻ അതുവഴി ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ ഇടിക്കുകയായിരുന്നു. പൂനെയിലെ കല്യാണി നഗർ മേഖലയിലായിരുന്നു സംഭവം.

പിതാവിന്റെ പേരിലുള്ള പോർഷെ ടയ്‌കാൻ കാറാണ് 17 കാരനും സുഹൃത്തുക്കളും പബ്ബുകളിൽ പോകാൻ ഉപയോഗിച്ചത്. കോസി, ബ്ളാക് മാരിയറ്റ് എന്നീ പബ്ബുകളിൽ 48,000 രൂപ രണ്ടുമണിക്കൂറിനിടെ 17കാരൻ ചെലവാക്കിയതായും കണ്ടെത്തി. പിടിയിലായ ഇയാളെ ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് കൈമാറി. ഇയാളെ പിതാവിന്റെയും മുത്തച്ഛന്റെയും സംരക്ഷണയിൽ അയച്ച ബോർഡ് റോഡ് സുരക്ഷയെക്കുറിച്ച് 300 വാക്കിൽ കവിയാതെ ഉപന്യാസമെഴുതാനും വിധിച്ചു. ഗുരുതരമായ വാഹനാപകടം ഉണ്ടാക്കിയിട്ടും ഇയാൾക്ക് നിസാരമായ ശിക്ഷ നൽകിയതിൽ ജനങ്ങളാകെ കടുത്ത വിമർശനമാണ് ഉയർത്തിയത്.

ഇയാളുടെ ഡ്രൈവറോട് കുറ്റം ഏൽക്കാൻ 17കാരന്റെ പിതാവും മുത്തച്ഛനും ആവശ്യപ്പെട്ടിരുന്നു. ഇതിനായി കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തു. ഈ കേസിൽ ഇരുവരെയും അറസ്‌റ്റ് ചെയ്‌ത് പിന്നീട് ജാമ്യത്തിൽ വിട്ടു. അപകടമുണ്ടായ ദിവസം തന്നെ ജാമ്യം ലഭിച്ച 17കാരനെ പിന്നീട് പൊതുജനങ്ങളുടെ ശക്തമായ വിമർശനത്തെ തുടർന്ന് ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. പിന്നീട് ഹൈക്കോടതി വിധിയെത്തുടർന്ന് ഇയാളെ ബന്ധുവിന്റെ വീട്ടിലാക്കി. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം.