ഒറ്റ ചാർജിൽ 433 കിലോമീറ്റർ റേഞ്ച്: ആഡംബരം നിറച്ച് മിനിക്കൂപ്പർ ഇലക്ട്രിക് എത്തുന്നു

Friday 05 July 2024 4:33 PM IST

കൊച്ചി: ജർമ്മനിയിലെ ആഡംബര കാർ കമ്പനിയായ ബി.എം.ഡബ്ല്യുവിന്റെ പുതിയ മൂന്ന് കാർ ബ്രാൻഡുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും. മിനി കൂപ്പർ എസ്, മിനി കൺട്രിമാൻ ഇലക്ട്രിക് , ലോംഗ്-വീൽബേസ് (LWB) വേരിയന്റിലുള്ള 5 സീരീസുമാണ് പുതുതായി അവതരിപ്പിക്കുന്നത്.

മിനി കൂപ്പർ എസ്
ഐ. സി. ഇ വേരിയന്റിൽ പുതിയ തലമുറ കൂപ്പർ S ഹാച്ച്ബാക്കാണ് കൂപ്പർ എസ് മിനിയുടെ ക്ലാസിക് ഡിസൈൻ ഘടകങ്ങൾ നിലനിർത്തി അവതരിപ്പിക്കുന്നത്. 204 bhp കരുത്തും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന നവീകരിച്ച 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് പുതിയ കൂപ്പർ എസിന്റെ കരുത്ത്.വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, വലുപ്പമുള്ള അഷ്ടഭുജ ഷേപ്പിലെ ഫ്രണ്ട് ഗ്രിൽ, ത്രികോണ ടെയിൽ-ലാമ്പുകൾ എന്നിവയുണ്ട്. അകത്ത് 9.4 ഇഞ്ച് വൃത്താകൃതിയിലുള്ള ഒ.എൽ.ഇ.ഡി ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനുണ്ടാകും. പുതിയ കൂപ്പർ എസിന് 42.70 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) വില.

5 സീരീസ് എൽ.ബി.ഡബ്ല്യു
മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് എൽബിഡബ്ല്യുവുമായി മത്സരിക്കുന്നതിനാണ് അധിക മികവോടെ ബി.എം.ഡബ്ല്യു 5 സീരീസ് എൽ.ബി.ഡബ്ല്യു വിപണിയിലെത്തിക്കുന്നത്. 5,175 എംഎം നീളവും 1,900 എംഎം വീതിയും 1,520 എംഎം ഉയരവും 3,105 എംഎം വീൽബേസുമാണ് വലിയ പ്രത്യേകത. 73.5 ലക്ഷം മുതൽ 78.9 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.

മിനി കൺട്രിമാൻ ഇലക്ട്രിക്
പുതിയ തലമുറ കൺട്രിമാൻ ഇലക്ട്രിക് ബി.എം.ഡബ്ല്യു iX1-മായാണ് പ്ളാറ്റ്ഫോം പങ്കിടുന്നത്.. അന്താരാഷ്ട്രതലത്തിൽ, കൺട്രിമാൻ ഇലക്ട്രിക് രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. സിംഗിൾ-മോട്ടോർ, ഫ്രണ്ട്- വീൽ- ഡ്രൈവ് പതിപ്പ് 204 bhp, 250 Nm, ഡ്യുവൽ - മോട്ടോർ, ഓൾ-വീൽ-ഡ്രൈവ് പതിപ്പ് 313 bhp, 494 Nm. രണ്ട് വേരിയൻ്റുകളും 66.45 kWh ബാറ്ററിയാണ് നൽകുന്നത്. സിംഗിൾ മോട്ടോറിന് 462 കിലോമീറ്ററും ഡ്യുവൽ മോട്ടോർ പതിപ്പുകൾക്ക് 433 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. നിലവിൽ പെട്രോൾ മിനി കൺട്രിമാൻ 48.10 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ഇന്ത്യയിൽ ലഭ്യമാണ്. ഇലക്ട്രിക് പതിപ്പിന് വില കൂടും.

Advertisement
Advertisement