കേന്ദ്രകമ്മിറ്റി വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചാണെന്ന് വിലയിരുത്തേണ്ട: എം വി ഗോവിന്ദൻ

Friday 05 July 2024 5:40 PM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാനുണ്ടായ കാരണങ്ങൾ സംസ്ഥാന സമിതി റിപ്പോർട്ട് ചെയ്‌തതാണെന്നും കേന്ദ്ര കമ്മിറ്റി കണ്ടുപിടിച്ചതല്ലെന്നും എം.വി ഗോവിന്ദൻ. നേതാക്കളുടെ ധാർഷ്‌ട്യത്തോടെയുള്ള പെരുമാറ്റം മാറ്റണം എന്ന വിലയിരുത്തൽ ഏതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ ഇടയായ ശൈലി മാറ്റണം എന്നാണ് പറഞ്ഞത് ഇതിന് മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചാണ് അതെന്ന വിലയിരുത്തൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽവിക്ക് ഇടയായ കാരണങ്ങൾ സംസ്ഥാന കമ്മിറ്റി കണ്ടെത്തി കേന്ദ്ര കമ്മിറ്റിയ്‌ക്ക് റിപ്പോർട്ട് ചെയ്‌തതാണെന്നും സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്രം തള്ളി എന്ന വാർത്ത വാസ്‌തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയ്‌ക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീ‌ർക്കാനുള്ള പ്രചാരവേലയാണിതെന്നും എസ്.എഫ്.ഐയ്‌ക്ക് സംഭവിക്കുന്ന ചെറിയ വീഴ്‌ചകൾ അവർ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

ഏതെങ്കിലും കോളേജിലെ പ്രശ്‌‌നം വച്ച് എസ്.എഫ്.ഐയെ തകർക്കാൻ ശ്രമിക്കുകയാണെന്നും തെറ്റിനെ എന്നാൽ ന്യായീകരിക്കില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. എല്ലാത്തരം ആക്രമണങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടുള്ളവരാണ് തോക്ക്, ബോംബ് രാഷ്‌ട്രീയത്തിന്റെ പേരിൽ എസ്.എഫ്.ഐയെ ആക്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുകൾ കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. എസ്.എഫ്.ഐയെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായങ്ങളോടും അദ്ദേഹം പ്രതികരിച്ചു. തെറ്റായ പ്രവണതകളെ വർഷങ്ങൾക്ക് മുൻപുതന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും ക്രിമിനലുകലുകളോട് വിട്ടുവീഴ്‌ച ചെയ്യുന്നതല്ല സിപിഎം നിലപാടെന്നുമാണ് എം.വി ഗോവിന്ദൻ വ്യക്തമാക്കിയത്.

Advertisement
Advertisement