കെയ്ർ സ്റ്റാർമറെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ചാൾസ് രാജാവ്, സുനക് രാജിക്കത്ത് കൈമാറി

Friday 05 July 2024 6:16 PM IST

ലണ്ടൻ: യുകെ തിരഞ്ഞെടുപ്പിൽ വൻവിജയം കൈവരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ സന്ദർശിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായിട്ടാണ് അദ്ദേഹം ഭാര്യയ്‌ക്കൊപ്പം കൊട്ടാരത്തിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും അദ്ദേഹത്തെ ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. തുടർന്ന് കെയ്‌ര്‍ സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാൾസ് രാജാവ് നിയമിച്ചു. 14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ർ സ്റ്റാർമർ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്.

കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് കൈമാറി. തുടർന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു.

നിങ്ങളുടെ ദേഷ്യവും നിരാശയും ഞാന്‍ മനസ്സിലാക്കി, ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. അക്ഷീണമായി പ്രവര്‍ത്തിച്ചിട്ടും വിജയിക്കാതെപോയ എല്ലാ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരകര്‍ക്കും നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു', സുനക് പറഞ്ഞു.

412 സീറ്റുകള്‍ പിടിച്ചാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാകും കെയിര്‍ സ്റ്റാര്‍മറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവളി.

കെയ്ർ സ്റ്റാർമറിനെ മോദി അഭിനന്ദിച്ചു

ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ വൻ വിജയം നേടിയ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ–യുകെ ബന്ധം ശക്തമാക്കാൻ സഹകരിച്ച് പ്രവർത്തിക്കാമെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കൺസർവേറ്റീവ് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനകിന് നന്ദി അറിയിച്ചുള്ള സന്ദേശവും മോദി എക്സിൽ പങ്കുവച്ചു. ബ്രിട്ടനെ മികച്ച രീതിയിൽ നയിച്ചതിനും ഇന്ത്യയുമായുള്ള സഹകരണത്തിന് നൽകിയ സംഭാവനയ്ക്ക് നന്ദിയെന്നും ഭാവിയ്ക്കും കുടുംബത്തിനും ആശംസകളെന്നും മോദി പറഞ്ഞു.