ഫാർമസിയുടെ മറവിൽ എം.ഡി.എം.എ കച്ചവടം: ഉടമയുടെ മകൻ പിടിയിൽ

Saturday 06 July 2024 1:23 AM IST

നെടുമങ്ങാട്: ഫാർമസിയുടെ മറവിൽ എം.ഡി.എം.എ കച്ചവടം നടത്തിയ സ്‌റ്റോറുടമയുടെ മകൻ എക്സൈസ് പിടിയിൽ. നെടുമങ്ങാട് തെക്കുംകര മുളവൻകോട് വാടയിൽ ഷാനാസാണ് (34) പിടിയിലായത്. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് എതിർവശത്തെ കുറക്കോട് റോഡിൽ പ്രവർത്തിക്കുന്ന വി.കെയർ ഫാർമസി എന്ന സ്ഥാപനത്തിൽ നിന്നാണ് 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ കണ്ടെത്തിയത്.

എം.ഡി.എം.എയുമായി കസ്റ്റഡിയിലെടുത്ത മറ്റൊരാളെ ചോദ്യം ചെയ്തപ്പോഴാണ് ഫാർമസിയിൽ വിദ്യാർത്ഥികൾക്ക് ലഹരി വിൽക്കുന്ന വിവരം ലഭിച്ചത്. തുടർന്ന് എക്‌സൈസ് സംഘം ഫാർമസിയിൽ നടത്തിയ പരിശോധനയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നര ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുക്കുകയായിരുന്നു. ഫാർമസി ഉടമ പലരുടെയും ലൈസൻസിയിൽ വിവിധയിടങ്ങളിൽ ഫാർമസി നടത്തുന്നുണ്ട്. സമാന കേസിൽ ഷാനാസ് മുമ്പും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

മെഡിക്കൽ സ്‌റ്റോറുകൾ വഴിയുള്ള ലഹരി വില്പന ശിക്ഷാർഹമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് സി.ഐ സുനിൽ കുമാർ.സി.എസ് പറഞ്ഞു. രാത്രിയും ഫാർമസി തുറന്ന് സാധങ്ങൾ കൊടുക്കുന്നത് പതിവാണെന്ന നാട്ടുകാരുടെ പരാതിയിൽ ഉദ്യോഗസ്ഥർ ഫാർമസി അടപ്പിച്ചു. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ പി.ആർ.രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ ബിജു.എസ്, ഗ്രേഡ് എസ്.ഐമാരായ സജി, നജിമുദ്ദീൻ, സിവിൽ എക്‌സൈസ് ഓഫീസർ രാജേഷ്, വനിത സിവിൽ ഓഫീസർ മഞ്ജുഷ, ഡ്രൈവർ ശ്രീജിത്ത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Advertisement
Advertisement