പുതിയ മാർഗം തേടി പൊലീസ്, തുരത്താം ഓൺലൈൻ തട്ടിപ്പുകാരെ
കോഴിക്കോട്: ഓൺലൈൻ തട്ടിപ്പുകാർ പുതുവഴികൾ കണ്ടെത്തി തട്ടിപ്പുകൾ തുടരുമ്പോൾ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമൊപ്പം ബോധവത്കരണം കൂടി ശക്തമാക്കി പൊലീസ്. പൊതുജനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതികളാണ് പൊലീസ് നടപ്പാക്കുന്നത്.
സൈബർ തട്ടിപ്പുകളിൽ ഇരയായവർക്ക് സഹായം നൽകാൻ 227 വളണ്ടിയർമാരെ നിയോഗിക്കും. നൂറ് വളണ്ടിയർമാർക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. 127 പേർ പരിശീലന ഘട്ടത്തിലാണ്. കോഴിക്കോട് സിറ്റി പരിധിയിലെ വിവിധ റസിഡൻസ് അസോസിയേഷനുകളിൽ നിന്നുള്ളവരും വിദ്യാർത്ഥികളും മറ്റുമുൾപ്പെടുന്നവരാണ് വളണ്ടിയർമാർ. തട്ടിപ്പിനിരയായവർക്ക് ആവശ്യമായ നിയമനടപടികളെ സംബന്ധിച്ചും മറ്റും വിശദമായ വിവരങ്ങൾ നൽകാൻ വളണ്ടിയർമാരുടെ സേവനം പൊതുജനങ്ങൾക്ക് സഹായകമാവും.
തട്ടിപ്പുകൾ പലവിധം
തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, ഇൻവെസ്റ്റ്മെന്റ് തട്ടിപ്പ്, ട്രേഡിംഗ് തട്ടിപ്പ്, ടാസ്കുകൾ നൽകിയുള്ള തട്ടിപ്പ്, വീഡിയോ കോൾ വഴിയുള്ള തട്ടിപ്പ്, ഇ കൊമേഴ്സ് പ്ലാറ്ര് ഫോം ഉപയോഗിച്ചുള്ള തട്ടിപ്പ്, ലോട്ടറി, വ്യാജ സമ്മാന തട്ടിപ്പ് , ലോൺ ആപ്പ് തട്ടിപ്പ്, കെ.വൈ.സി തട്ടിപ്പ്, വ്യാജ കസ്റ്റമർ കെയർ തട്ടിപ്പ് തുടങ്ങി കോഴിക്കോട് സിറ്റി പൊലിസ് പരിധിയിൽ ആറുമാസത്തിനിടെ 15.34 കോടി രൂപയാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ വർഷം 13.37 കോടി രൂപയാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. അതേസമയം ഈ വർഷം നഷ്ടപ്പെട്ടതിൽ പത്തു ശതമാനം തുക മാത്രമേ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുള്ളു. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 1.53 കോടിയുടെയും ഈ വർഷം 2.79 കോടിയുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.
ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത്. പരസ്യങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വാട്സാപ്പിലേയൊ ടെലിഗ്രാമിലേയൊ ഗ്രൂപ്പിലേക്കാണ് എത്തുന്നത്. വൻതുക വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താനും പ്രേരിപ്പിക്കും. ഡിജിറ്റൽ വാലറ്റിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ 50 ലക്ഷമോ അതിൽ കൂടുതലോ ലാഭത്തിൽ എത്തിയാൽ മാത്രമേ സാദ്ധ്യമാകൂ എന്നറിയിക്കുകയുമാണ് ചെയ്യുന്നത്. പെട്ടെന്ന് പണം നേടാമെന്നുള്ള താത്പര്യത്തിന്റെ പുറത്ത് യുവാക്കളും വിദ്യാർത്ഥികളും തട്ടിപ്പിന്റെ ഭാഗമാവുന്നുണ്ട്. പണത്തിനായി അന്യ സംസ്ഥാന തൊഴിലാളികളും മറ്റും സിം കാർഡുകൾ തട്ടിപ്പുകാർക്ക് എടുത്തു നൽകുന്ന സാഹചര്യമുണ്ട്.
തട്ടിപ്പുകൾ കൂടുന്നു
@ ഈ വർഷം രജിസ്റ്റർ ചെയ്ത കേസുകൾ - 61
@ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകൾ - 110
@ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് -24
@ ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് തട്ടിപ്പ് - 26
അന്വേഷണം വഴിമുട്ടുന്നത് സാങ്കേതിക കുരുക്കിൽ
പലപ്പോഴും അന്വേഷണം വഴിമുട്ടുന്നത് സാങ്കേതിക കുരുക്കിൽ പെട്ടാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരം അറിയിച്ചാലും ആവശ്യമായ ഡാറ്റ ടെലികോം കമ്പനികൾ, ബാങ്കുകൾ, സോഷ്യൽ മീഡിയ എന്നിവയിൽ നിന്ന് ലഭിക്കാൻ വൈകുന്നുണ്ട്. പത്തുമാസം വരെ വൈകുമ്പോൾ അന്വേഷണത്തിന് തിരിച്ചടിയാണ്.
വാർഡ് തലത്തിൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ യോഗം വിളിച്ചുചേർത്ത് ബോധവത്കരണം നടത്തും. ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണിത്. വലിയ നേട്ടങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്യന്ന നിക്ഷേപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണം. മുൻകരുതലെടുത്താൽ 90 ശതമാനം തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം.
രാജ്പാൽ മീണ , സിറ്റി പൊലീസ് കമ്മിഷണർ