200 ശതമാനം വര്‍ദ്ധിപ്പിച്ച ടിക്കറ്റ് നിരക്ക്, കുറയ്ക്കാതെ റെയില്‍വേ

Friday 05 July 2024 8:19 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് താത്കാലികമായി പാസഞ്ചര്‍ ട്രെയിനുകളില്‍ നടപ്പിലാക്കിയ നിരക്ക് വര്‍ദ്ധന പിന്‍വലിക്കാതെ റെയില്‍വേ. 200 ശതമാനമാണ് നിരക്ക് കൂട്ടിയത്. നിരക്ക് ഉടനെ കുറയ്ക്കുമെന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി റെയില്‍വേ പറയുന്നുണ്ടെങ്കിലും അതിനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കൊവിഡ് കാലത്ത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉണ്ടായിരുന്ന ഇളവുകളും എടുത്ത് കളഞ്ഞിരുന്നു. ഇതും പുനസ്ഥാപിക്കാന്‍ സാദ്ധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്ത് രൂപയായിരുന്നു നേരത്തെ പാസഞ്ചര്‍ ട്രെയിനുകളിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. കൊവിഡ് കാലത്ത് ഈ ട്രെയിനുകളെ സ്പെഷ്യല്‍ എക്സ്പ്രസ് ആക്കി മാറ്റിയ ശേഷമാണ് മിനിമം നിരക്ക് 200 ശതമാനം കൂട്ടിയത്. കൂട്ടിയ ചാര്‍ജ് പിന്‍വലിക്കുമെന്ന് റെയില്‍വേ അറിയിച്ചെങ്കിലും വളരെ ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് ഇത് നടപ്പായത്.കുറഞ്ഞ ടിക്കറ്റ് നിരക്ക് ഇപ്പോഴും മുപ്പത് രൂപ തന്നെയാണ്. ഒടുവില്‍ കണ്ണൂര്‍ - ഷൊര്‍ണൂര്‍ റൂട്ടില്‍ ഓടിത്തുടങ്ങിയ ട്രെയിനിലും മിനിമം ചാര്‍ജ് 30 രൂപയാണ്.

മുമ്പ് ട്രെയിന്‍ യാത്രാ ടിക്കറ്റ് നിരക്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം വരെ ഇളവ് ഉണ്ടായിരുന്നു. കൊവിഡ് കാലത്ത് എടുത്തുകളഞ്ഞ ഈ ആനുകൂല്യം പുനസ്ഥാപിക്കാന്‍ ഇതുവരെ റയില്‍വേ തയ്യാറായിട്ടില്ല. ടിക്കറ്റ് ക്യാന്‍സലേഷന്‍ ഫീസ് ഇനത്തില്‍ ഉള്‍പ്പെടെ കൊടികളുടെ വരുമാനം ലഭിക്കുമ്പോഴാണ് സാധാരണക്കാര്‍ക്ക് കാലങ്ങളായി നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ പോലും താത്കാലികമെന്ന പേരില്‍ എടുത്ത് മാറ്റിയത്. പിന്നീട് ഇത് പുനസ്ഥാപിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.

Advertisement
Advertisement