അമൃത്പാൽ സിംഗും എൻജി. റാഷിദും സത്യപ്രതിജ്ഞ ചെയ്‌തു

Saturday 06 July 2024 12:25 AM IST

ന്യൂഡൽഹി : ഖാലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേയുടെ തലവൻ അമൃത്പാൽ സിംഗും ഭീകരഫണ്ടിംഗുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന എൻജിനിയർ റാഷിദും ഇന്നലെ ലോക്‌സഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. അമൃത്പാൽ സിംഗിനെ അസാം ദിബ്രുഗഡിലെ ജയിലിൽ നിന്നും എൻജിനിയർ റാഷിദിനെ തീഹാർ ജയിലിൽ നിന്നുമാണ് പാർലമെന്റിലെത്തിച്ചത്. സത്യപ്രതിജ്ഞയ്ക്കായി കോടതി കസ്റ്റഡി പരോൾ അനുവദിക്കുകയായിരുന്നു.

സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച ഇരുവരും വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പഞ്ചാബിലെ ഖദൂർ സാഹിബ് സീറ്റിൽ മൂന്നരലക്ഷത്തിലധികം വോട്ടുകൾ നേടിയായിരുന്നു ഖാലിസ്ഥാൻ അനുകൂല നേതാവിന്റെ വിജയം. ജമ്മു കാശ്‌മീരിലെ ബാരാമുള്ള മണ്ഡലത്തിൽ മത്സരിച്ച എൻജിനിയർ റാഷിദ്,​ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയെ പരാജയപ്പെടുത്തി. ഒന്നേകാൽ ലക്ഷത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം.

Advertisement
Advertisement