സ്റ്റാമർ, മാറ്റത്തിന്റെ കൊടുങ്കാറ്റ്
മനുഷ്യാവകാശ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമായാണ് കിയർ സ്റ്റാമറുടെ പൊതു ജീവിതത്തിന്റെ തുടക്കം. ഒൻപത് കൊല്ലം മുമ്പ് 2015ലാണ് അദ്ദേഹം ബ്രിട്ടീഷ് പാർലമെന്റിൽ അംഗമാകുന്നത്. രാജ്യം ആദ്യം, പാർട്ടി രണ്ടാമത് എന്നാണ് മുദ്രാവാക്യം. പതിന്നാല് കൊല്ലത്തിനിടെ അഞ്ച് കൺസർവേറ്റിവ് പ്രധാനന്ത്രിമാരാണ് ബ്രിട്ടൻ ഭരിച്ചത്.
ലോക വൻശക്തിയായ രാജ്യത്തിലെ അനിശ്ചിതത്വത്തിന് കൂടുതൽ തെളിവെന്തിന്. ലേബർ പാർട്ടിയും തകർച്ചയിലായിരുന്നു. 2019ലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് 2020ൽ പാർട്ടി നേതാവായി.ഒപ്പം പാർലമെന്റിൽ പ്രതിപക്ഷ നേതാവും. നാല് കൊല്ലം കൊണ്ട് സ്റ്റാമർ ലേബർ പാർട്ടിയെ വൻശക്തിയാക്കി. കുടിയേറ്റം, ബ്രെക്സിറ്റ്,സാമ്പത്തിക വളർച്ച, നികുതി, ആരോഗ്യം, ഊർജ്ജം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാടുകളുമായി ലേബർ ബാർട്ടിയുടെ ജനപ്രീതി വീണ്ടെടുത്തു. ഗാസ യുദ്ധത്തിൽ പാലസ്തീൻ അനുകൂല നിലപാടിലൂടെ മുസ്ലീം പിന്തുണയും തിരിച്ചു പിടിച്ചു.
ജീവിത രേഖ
1962 സെപ്റ്റംബർ 2ന് ലണ്ടനിൽ ജനനം. ദരിദ്ര കുടുംബത്തിലെ നാല് മക്കളിൽ ഒരാൾ. അച്ഛൻ തൊഴിലാളി. അമ്മ നഴ്സ്. മകന് ലേബർ പാർട്ടിയുടെ ആദ്യ നേതാവ് കിയർ ഹാർഡിയുടെ പേര് മാതാപിതാക്കൾ നൽകി. ഇന്ന് ആ പാർട്ടിയുടെ പരമോന്നത നേതാവും ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായി ആ കുട്ടി വളർന്നു. ഫുടബാൾ പ്രേമി. ആഴ്സനൽ ക്ലബിന്റെ ആരാധകൻ. സംഗീതജ്ഞനുമാണ്. വയലിൻ പഠിച്ചിട്ടുണ്ട്.
ലീഡ്സ്, ഓക്സ്‌ഫോർഡ് സർവകലാശാലകളിൽ നിയമപഠനം. പിന്നീട് ഇടത് ആശയങ്ങളിലേക്ക് തിരിഞ്ഞു. ട്രേഡ് യൂണിയനുകളുടെ അഭിഭാഷകനായി. വധശിക്ഷ വിധിക്കപ്പെട്ട തടവുകാർക്ക് വേണ്ടി നിയമ പോരാട്ടങ്ങൾ. പൊലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തു കൊണ്ടുവന്നു. 2008ൽ ലേബർ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറായി നിയമിച്ചു.
എലിസബത്ത് രാജ്ഞി നൈറ്റ് പദവി നൽകി ആദരിച്ചു.
2015ൽ ഇടത് ആഭിമുഖ്യമുള്ള നോർത്ത് ലണ്ടൻ മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് ജയിച്ചു. പാർട്ടി നേതാവ് ജെർമി കോർബിനെതിരെ കലാപമുണ്ടാക്കി. ഭാര്യ വിക്ടോറിയ. രണ്ട് മക്കൾ .
ഇന്ത്യയോട് സ്നേഹം
ലേബർ പാർട്ടിയുടെ കരുത്ത് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തി. കാശ്മീരിനെ ചൊല്ലിയുള്ള ഇന്ത്യാ വിരുദ്ധ നിലപാട് പാർട്ടിയെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് അകറ്റിയിരുന്നു. ആഗോള സുരക്ഷയിലും കാലാവസ്ഥ, സാമ്പത്തിക വിഷയങ്ങളിലും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറും തന്ത്രപരമായ പങ്കാളിത്തവും ഉണ്ടാക്കുമെന്ന് ഇത്തവണ ലേബർ പാർട്ടിയുടെ പ്രകടന പത്രികയിലും പ്രഖ്യാപിച്ചു. ലണ്ടനിലെ സ്വാമി നാരായൺ ക്ഷേത്രവും സന്ദർശിച്ചിരുന്നു.