ഇന്ത്യ - ബ്രിട്ടൻ ബന്ധത്തിൽ മാറ്റം ഇല്ല

Saturday 06 July 2024 4:52 AM IST

ലണ്ടൻ: യു.കെയിൽ ലേബർ പാർട്ടി അധികാരത്തിയത് കൊണ്ട് ഇന്ത്യയുമായുള്ള ബന്ധത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ആഗോള രാഷ്ട്രീയത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്നതിനാൽ ഇന്ത്യയുമായുള്ള സഹകരണം യു.കെയ്ക്ക് നിർണായകമാണ്. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്നാണ് കിയർ സ്റ്റാമറുടെ നിലപാട്.

ഇന്ത്യ - യു.കെ സ്വതന്ത്റ വ്യാപാരക്കരാർ വേഗത്തിലാക്കുന്നതാണ് ഏറ്റവും നിർണായകം. സുനക് സർക്കാരിനെ പോലെ പദ്ധതി യാഥാർത്ഥ്യമാക്കാൻ ചർച്ചകൾ തുടരുമെന്നും സാങ്കേതിക വിദ്യ, സൈബർ സെക്യൂരിറ്റി, സെമികണ്ടക്ടർ, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്നും പാർട്ടി പ്രചാരണ വേളയിൽ വ്യക്തമാക്കിയിരുന്നു.

സ്വതന്ത്ര വ്യാപാര കരാർ യു.കെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഒപ്പിട്ടേക്കുമെന്ന് ജൂണിൽ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സുനക് സൂചിപ്പിച്ചിരുന്നു. 2022ലാണ് കരാറിനായുള്ള ചർച്ചകൾ തുടങ്ങിയത്.13 റൗണ്ട് ചർച്ച പൂർത്തിയായി.

അതേ സമയം, കുടിയേറ്റം കുറയ്ക്കുമെന്ന പ്രധാന വാഗ്ദാനത്തോടെ അധികാരത്തിലേറിയതിനാൽ ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ, വിസ തുടങ്ങിയ കാര്യങ്ങളിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ആശങ്കയുണ്ട്.

' ലേബർ പാർട്ടിയുടെ വിജയം പ്രതീക്ഷിച്ചതാണ്. 2019 മുതൽ ഋഷി അടക്കം മൂന്ന് പ്രധാനമന്ത്രിമാരെയാണ് ബ്രിട്ടൻ കണ്ടത്. അതിനുശേഷം ബ്രിട്ടൻ സ്ഥിരത കൈവരിക്കുന്നതാണ് കാണുന്നത്. ഇതിനപ്പുറം വലിയ മാറ്റങ്ങൾ ഇന്ത്യയിലും ഇന്ത്യ-ബ്രിട്ടൻ ബന്ധങ്ങളിലും പ്രതീക്ഷിക്കേണ്ട. നികുതിയുടെ കാര്യത്തിൽ വ്യത്യാസം വരും. വളരെ വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ വരുന്നതിനാൽ പുതിയ നയങ്ങൾ പ്രഖ്യാപിച്ചേക്കും. കുടിയേറ്റ തൊഴിൽ നിയമങ്ങൾക്ക് മാറ്റം വരില്ല. അതിനാൽ ബ്രിട്ടനിലെ തൊഴിൽ മേഖലയെ ബാധക്കില്ല."

- ടി.പി. ശ്രീനിവാസൻ

Advertisement
Advertisement