'അയാൾ എന്റെ വസ്ത്രം പൊക്കി, കൈ ദേഹത്തൂടെ പോകുന്നത് ഫീൽ ചെയ്തു'; മുറിവിൽ കുറിച്ചത് ജീവിതത്തിൽ അനുഭവിച്ചത്

Saturday 06 July 2024 9:47 AM IST

പുതുമുഖ ഗായകരിൽ ഏറ്റവും ശ്രദ്ധേയായ ഒരാളാണ് ഗൗരി ലക്ഷ്മി. സോഷ്യൽ മീഡിയയിൽ അടക്കം ഗൗരി ലക്ഷ്മിയുടെ പാട്ടുകൾ ഹിറ്റാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ ഷോകൾ ചെയ്യാൻ ഗൗരിക്ക് സാധിച്ചിട്ടുണ്ട്. ഗൗരിപാടിയ 'അജിത ഹരേ ജയ' എന്ന ഗാനം ഒരു സമയത്ത് ഇൻസ്റ്റഗ്രാമിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു വർഷം മുമ്പ് പുറത്തിറങ്ങിയ 'മുറിവ്' എന്ന അൽബത്തിലെ പാട്ടാണ് ട്രൻഡായിക്കൊണ്ടിരിക്കുന്നത്. ഈ ആൽബത്തിൽ എട്ട് വയസിൽ എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. ഈ ഗാനത്തെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് കമന്റുകൾ പങ്കുവയ്ക്കുന്നത്.

ഇപ്പോഴിതാ ഈ ഗാനം ചിട്ടപ്പെടുത്താനിടയായ സാഹചര്യത്തെക്കുറിച്ച് ഒരു ഓൺലൈൻ മാദ്ധ്യമത്തോട് തുറന്നുപറയുകയാണ് താരം. എന്റെ ജീവിതത്തിൽ നേരിട്ട അനുഭവമാണ് 'മുറിവ്' എന്ന ആൽബത്തിലൂടെ തുറന്നുകാട്ടുന്നതെന്ന് ഗൗരി ലക്ഷ്മി പറഞ്ഞു. എട്ട് വയസിലും 13ാം വയസിലും ഞാൻ നേരിട്ട അനുഭവമാണ് ഈ ആൽബത്തിലുള്ളതെന്നും ഗൗരി പറയുന്നു.

ഗൗരിയുടെ വാക്കുകളിലേക്ക്...
'ഞാൻ എക്സ്പീരിയൻസ് ചെയ്തതും അനുഭവിച്ചതും മാത്രമാണ് 'മുറിവിൽ' എഴുതിയിട്ടുള്ളത്. അല്ലാതെ ഞാൻ വേറൊരു കഥ ഇമാജിൻ ചെയ്ത് ഉണ്ടാക്കിയതല്ല. അന്ന് ആ ബസിൽ പോകുമ്പോഴുള്ള വസ്ത്രം വരെ എനിക്ക് ഓർമ്മയുണ്ട്. അന്ന് ബസിൽ നല്ല തിരക്കായിരുന്നു. വൈക്കത്ത് നിന്ന് തൃപ്പൂണിത്തുറ ഹിൽപ്പാലസ് സ്റ്റോപ്പിലേക്കാണ് പോകുന്നത്. ബസിൽ തിരക്കായതിനാൽ അകത്തോട്ട് കയറി നിന്നു. ആ സമയത്ത് എന്റെ തൊട്ടുപുറകിൽ നിൽക്കുന്ന ആൾക്ക് അച്ഛനേക്കാൾ പ്രായമുണ്ടായിരുന്നു. അയാളുടെ മുഖം എനിക്ക് ഓർമ്മയില്ല, എന്നാലും കാണാമായിരുന്നു.

അയാൾ എന്റെ വസ്ത്രം പൊക്കി, അയാളുടെ കൈ എന്റെ ദേഹത്തുകൂടെ പോകുന്നത് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. എനിക്കാരും ഇതിനെക്കുറിച്ച് പറഞ്ഞുതന്നിട്ടില്ല. ശേഷം എനിക്ക് അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കൈ തട്ടി മാറ്റി ഞാൻ ബസിന്റെ മുൻഭാഗത്തേക്ക് പോയി. അന്ന് ഞാൻ ആരോടും പറയാനൊന്നും പോയില്ല. പക്ഷേ, എനിക്ക് അന്നേ മനസിലായി. ഇത് എന്തോ ഒരു പ്രശ്നം പിടിച്ച പരിപാടിയാണെന്ന്.

എന്റെ ആദ്യത്തെ അനുഭവമായിരുന്നു. അത് തന്നെയാണ് ഞാൻ ഈ വരിയിൽ എഴുതിവച്ചത്. 13ാം വയസിൽ ബന്ധുവീട്ടിൽ പോയപ്പോഴുണ്ടായ അനുഭവം എനിക്കുണ്ടായതാണ്. എന്റെ കസിൻ സഹോദരങ്ങളൊപ്പം കേറിച്ചെന്നോണ്ടിരുന്ന വീടായിരുന്നു അത്. അന്ന് ആ വീട്ടിലെ ആളുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തെത്തുടർന്ന് ഞാൻ അങ്ങോട്ടേക്ക് പോവാതെയായി. എനിക്ക് ഇത് ആരോട് പറയണമെന്ന് അറിയില്ല. അന്ന് ഞാൻ ഫോൺ വിളിച്ച് എന്റെ സുഹൃത്തിനോടാണ് ഇക്കാര്യം ആദ്യമായി പറയുന്നത്. ആ വരികളിലേത്ത് വെറുതെ ഉണ്ടാക്കിയ കഥകളൊന്നുമല്ല'- ഗൗരി ലക്ഷ്മി പറഞ്ഞു.

Advertisement
Advertisement