സ്വപ്‌നം നങ്കൂരമിടുന്നു...!
മൂന്നു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖസ്വപ്നം യാഥാർത്ഥ്യമാവുകയാണ്. ഗുജറാത്തിലെ മുന്ദ്രയിൽനിന്ന് കൂറ്റൻ മദർഷിപ്പ് 12ന് തീരത്തടുക്കുന്നതോടെ തുറമുഖത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തത്തിന് ആരംഭമാവും. കേരളത്തിന്റെ വികസനത്തിൽ നിർണായക കണ്ണിയായി മാറുന്ന തുറമുഖം തലസ്ഥാനത്തിന്റെയും മുഖച്ഛായ മാറ്റുന്നതായിരിക്കും. ലോകത്തെ വൻകിട ഷിപ്പിംഗ് കമ്പനി മെർസെകിന്റെ കപ്പലാണ് ആദ്യം തുറമുഖത്ത് അടുക്കുക. തുറമുഖത്തെ 800മീറ്റർ ബർത്തിന്റെ മദ്ധ്യഭാഗത്തെ 300മീറ്ററിലാവും കൊൽക്കത്തയ്ക്കുള്ള തുണിത്തരങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളുമടക്കം വഹിച്ച് മദർഷിപ്പ് നങ്കൂരമിടുക. ഡിസംബറിനകം ആദ്യഘട്ടം കമ്മിഷൻ ചെയ്യും മുൻപ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സർവ സംവിധാനങ്ങളും പരിശോധിച്ചുറപ്പിക്കാനാണ് അദാനി ഗ്രൂപ്പ് മദർഷിപ്പെത്തിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ 2045ലാണ് പൂർത്തിയാക്കേണ്ടത്. 10,000കോടി അദാനി മുടക്കണം. ഡിസംബർ മൂന്നിനകം ആദ്യഘട്ടം തീർക്കണമെന്നാണ് വ്യവസ്ഥ. കടൽവഴിയുള്ള ചരക്കുനീക്കത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും വിഴിഞ്ഞം തുറമുഖം.
വിദേശ മദർഷിപ്പുകൾ
വിഴിഞ്ഞത്തിലൂടെ...
രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് ഹബായ വിഴിഞ്ഞത്ത് ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ അടുപ്പിക്കാനാവും. ആദ്യമെത്തുന്ന കപ്പലിൽ ഇവിടെയിറക്കുന്ന കണ്ടെയ്നറുകൾ മറ്റൊരു കപ്പലിൽ കൊൽക്കത്തയിലേക്ക് കൊണ്ടുപോവും. ഇറക്കുമതി-കയറ്റുമതിക്ക് കസ്റ്റംസ് അനുമതിയായിട്ടുണ്ട്. ഓണത്തിന് പൂർണതോതിൽ കമ്മിഷൻ ചെയ്യാനിരുന്നതാണെങ്കിലും ഏതാനും കേന്ദ്രാനുമതികൾ കൂടി നേടേണ്ടതിനാൽ ഡിസംബറിലേക്ക് നീളുമെന്നാണ് സൂചന. കൂറ്റൻ കപ്പലുകൾക്ക് അടുക്കാനാവുന്ന തുറമുഖം ഇന്ത്യയിലില്ലാത്തതിനാൽ സമുദ്രമാർഗം വിദേശത്തുനിന്ന് ഇന്ത്യയിലേക്കെത്തുന്ന ചരക്ക് ദുബായ്, കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്. വിശാഖപട്ടണം, മുന്ദ്ര തുറമുഖങ്ങളിൽ വലിയ മദർഷിപ്പുകൾ അടുപ്പിക്കാനാവില്ല. വിഴിഞ്ഞം തുറക്കുന്നതോടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. ചരക്കുമാറ്റത്തിനായി (ട്രാൻസ്ഷിപ്മെന്റ്) രാജ്യത്തെ മറ്റു തുറമുഖങ്ങളിൽനിന്നുള്ള കപ്പലുകളുമെത്തുന്നതോടെ സമുദ്രമാർഗ്ഗമുള്ള ചരക്കുനീക്കത്തിന്റെ അന്താരാഷ്ട്ര കവാടമായും വിഴിഞ്ഞം മാറും. രാജ്യാന്തര കപ്പൽചാലിൽ നിന്ന് 50കിലോമീറ്റർ അകലെയുള്ള കൊളംബോയെ അപേക്ഷിച്ച്, 18കിലോമീറ്റർ മാത്രമുള്ളതും 24മീറ്റർ സ്വാഭാവിക ആഴമുള്ളതുമാണ് വിഴിഞ്ഞത്തിന് ഗുണകരമായത്.
രാജ്യാന്തര
ചരക്കുനീക്കത്തിന്റെ കവാടം
കേന്ദ്ര-സംസ്ഥാന സർക്കാരുകളും അദാനിഗ്രൂപ്പും ചേർന്നുള്ള പൊതു- സ്വകാര്യ പങ്കാളിത്ത (പി.പി.പി) പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തെ ഏത് വലിയ കപ്പലിനും വിഴിഞ്ഞം തുറമുഖത്ത് അടുക്കാം. ഇന്ത്യയിലേക്ക് കടൽ വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്റെ മുഖ്യപങ്കും നടക്കുന്നത് കൊളംബോ, സിംഗപ്പൂർ, യു.എ.ഇയിലെ ജബൽ അലി തുറമുഖങ്ങളിലൂടെയാണ്. രാജ്യാന്തര കപ്പൽപാതയിൽ നിന്നുള്ള അകലം, സ്വാഭാവിക ആഴക്കുറവ്, ചെറിയ ബെർത്തുകൾ എന്നിവയാണ് മദർഷിപ്പുകൾ അടുക്കുന്നതിന് തടസം. വിഴിഞ്ഞം സജ്ജമാകുന്നതോടെ ഈ പോരായ്മ മറികടക്കാം. ഇന്ത്യയുടെ കടൽ വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്റെ കവാടമായും വിഴിഞ്ഞം മാറും. നിലവിൽ മദർഷിപ്പുകളിൽ ഭൂരിഭാഗവും 10,000 ടി.ഇ.യു (ട്വന്റിഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നവയാണ്. വിഴിഞ്ഞത്ത് 24,000 ടി.ഇ.യു വരെ ശേഷിയുള്ള കപ്പലുകൾ അടുപ്പിക്കാം. ട്രാൻസ്ഷിപ്പ്മെന്റ് ഹബ് എന്ന പദവി അടുത്തിടെ വിഴിഞ്ഞത്തിന് ലഭിച്ചിരുന്നു. റോഡ്, റെയിൽ മാർഗങ്ങളിലൂടെയും ആഭ്യന്തര തുറമുഖങ്ങളിൽ നിന്ന് ചെറുകപ്പലുകളിലും എത്തിക്കുന്ന ചരക്കുകൾ വലിയ കപ്പലിലേക്ക് മാറ്റി വിദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചും അയയ്ക്കുന്നവയാണ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം.
വാർഷിക വരുമാനം 2500 കോടി
രാജ്യാന്തര കപ്പൽച്ചാലിൽ നിന്ന് ഏറ്റവും അടുത്തുള്ള ഇന്ത്യയിലെ തുറമുഖമാണ് വിഴിഞ്ഞം. കരയിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ മാത്രം. 400മീറ്ററോളം നീളമുള്ള വലിയ ചരക്കുകപ്പലുകളാണ് മദർഷിപ്പുകൾ. അടിഭാഗത്തിന് ചുരുങ്ങിയത് 16മീറ്റർ നീളമുള്ളതിനാലാണ് എല്ലായിടത്തും അടുപ്പിക്കാനാവാത്തത്. 25000കണ്ടെയ്നറുകൾ വരെ ഇവയ്ക്ക് വഹിക്കാനാവും. ബഹുനില കെട്ടിടങ്ങളുടെ ഉയരമുള്ള കൂറ്റൻ കപ്പലുകളാണിവ. ലോകത്തെ ചരക്കുനീക്കത്തിൽ ഭൂരിഭാഗവും മദർഷിപ്പുകളിലാണ്. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 10ലക്ഷം കണ്ടെയ്നറുകൾ വിഴിഞ്ഞത്തെത്തും. തുറമുഖത്തിന്റെ പ്രവർത്തനം പൂർണസജ്ജമാവുമ്പോൾ ഇത് 30 ലക്ഷമാവും. വിഴിഞ്ഞത്ത് മദർഷിപ്പുകൾ നേരിട്ട് തുറമുഖത്തടുപ്പിക്കാനാവുന്നതിനാൽ ഫീഡൽ കപ്പലുകൾ വേണ്ടിവരില്ല. രാജ്യത്തിന്റെ സമുദ്ര സമ്പദ്‌വ്യവസ്ഥയിൽ കേരളത്തെ നിർണായക കണ്ണിയാക്കുന്നതാണു വിഴിഞ്ഞം തുറമുഖപദ്ധതി. ഇന്നു ലോകത്ത് ചരക്കുഗതാഗതം നടത്തുന്ന കപ്പലുകളിൽ 60 ശതമാനവും വലിയ കപ്പലുകളായ മദർ ഷിപ്പുകളാണ്. ഇവ ബെർത്തിലെത്താൻ കൂടുതൽ ആഴം വേണമെന്നതാണ് വിഴിഞ്ഞത്തിന് ഗുണകരമാവുന്നത്. കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ചരക്കിൽ 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ 30 ശതമാനമെങ്കിലും ആദ്യഘട്ടത്തിൽ മാത്രം വിഴിഞ്ഞത്തിനു ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ വർഷം 400കോടിയോളം രൂപ നികുതി അടക്കമുള്ള ഇനങ്ങളിൽ സംസ്ഥാന സർക്കാരിനു ലഭിക്കും. കപ്പലുകളിൽനിന്നു തുറമുഖം ഈടാക്കുന്ന ഫീസ്, കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള നിരക്കുകൾ, ഇന്ധനം നിറയ്ക്കുന്നതിനുള്ള ചെലവ് തുടങ്ങിയവയുടെ ചരക്കു സേവന നികുതിയാണ് സർക്കാരിനുള്ള മുഖ്യ വരുമാനം. മിക്ക ഇടപാടുകൾക്കും 18% ആണ് ജി.എസ്.ടി. 2027 ൽ തുറമുഖം പൂർണ സജ്ജമാകുന്നതോടെ 30 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകും. ഈ ഘട്ടത്തിൽ തുറമുഖത്തിനു വർഷം 2500 കോടിയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്.
''വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളം ആഗോള സമുദ്രവ്യാപാരത്തിലെ കേന്ദ്രബിന്ദുവാകും. ലോകനിലവാരത്തിലെ ട്രാൻസ്‌ഷിപ്പ്മെന്റ് ഹബാവുന്നത് സാമ്പത്തികവളർച്ച, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് പുറമെ ലോകത്തിനു മുന്നിൽ കേരളത്തിന് ഔന്നത്യമുണ്ടാക്കും''
-പി.രാജീവ്
വ്യവസായമന്ത്രി