അഭിഭാഷകനെതിരേ പീഡന പരാതി: അന്വേഷണം ഊർജിതം

Sunday 07 July 2024 2:32 AM IST

യുവതിക്ക് ലഹരി മാഫിയയുടെ ഭീഷണിയും

കാസർകോട്: ഭർത്താവിൽ നിന്നും വിവാഹ മോചനമാവശ്യപ്പെട്ട് നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ അഭിഭാഷകനെതിരെയുള്ള പരാതിയിൽ കാസർകോട് വനിതാ പൊലീസ് റജിസ്റ്റർ ചെയ്‌ത ബലാത്സംഗക്കേസ്സിൽ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം ഊർജിതമാക്കി.

കാസർകോട്ടെ അഭിഭാഷകനായ നിഖിൽ നാരായണൻ വിവാഹമോചനത്തിന് കേസ് കൊടുക്കാനെത്തിയ യുവതിയെ തന്ത്രപൂർവ്വം വശത്താക്കി ഒപ്പം താമസിപ്പിച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് കേസ്. വിവാഹിതനായ നിഖിൽ നാരായണൻ ഭാര്യയുണ്ടെന്ന വിവരം മറച്ചുവെച്ചാണ് യുവതിക്കൊപ്പം താമസിച്ചിരുന്നത്. നിഖിൽ വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്ന 32 വയസുള്ള പരാതിക്കാരി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

അമിത ലൈംഗികാസക്തി പ്രകടിപ്പിക്കുന്ന നിഖിൽ നാരായണൻ യുവതിയുടെ സമ്മതമില്ലാതിരുന്നിട്ടും, ഇവരെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും ഭീഷണി തുടരുകയും ചെയ്തതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

കാസർകോട്ട് ഏറ്റവും കൂടുതൽ ലഹരിക്കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് നിഖിൽ നാരായണൻ. ഇദ്ദേഹത്തി നെതിരേ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ യുവതിക്ക് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണിയും വന്നു. ചുരി കേന്ദ്രമായി പ്രവർത്തിക്കുന്ന ലഹരി മാഫിയാ സംഘം യുവതിയെ താമസസ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. അഭിഭാഷകനെതിരെയുള്ള കേസ്സുമായി മുന്നോട്ട് പോയാൽ യുവതിയുടെ സഹോദരിയേയും മക്കളെയും വധിക്കുമെന്നായിരുന്നു ഭീഷണി. യുവതിയെ അക്രമിക്കാനെത്തിയ സംഘത്തെ പൊലീസെത്തിയാണ് ഓടിച്ചുവിട്ടത്.

അതിനിടെ, കാസർകോട്ടെ മറ്റു പ്രമുഖരെയും അഭിഭാഷകരെയും ആക്ഷേപിക്കുന്ന തരത്തിലുള്ള അഭിഭാഷകന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ ശക്തമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പലരും രംഗത്തുവന്നിട്ടുണ്ട്. പ്രശ്നം ഒത്തുതീർപ്പാക്കാൻ സാധ്യത ഉണ്ടായിട്ടും ആ വഴികളെല്ലാം അടച്ചതും കേസിൽ പ്രതിച്ചേർക്കപ്പെട്ടയാൾ തന്നെയെന്ന് പറയുന്നു.

Advertisement
Advertisement