ലേബർ പാർട്ടിയുടെ വൻ വിജയം

Sunday 07 July 2024 12:37 AM IST

യു.കെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി ഉജ്ജ്വലമായ വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. പതിനാല് വർഷം അധികാരത്തിൽ തുടർന്ന കൺസർവേറ്റീവ് പാർട്ടിയെ നിലംപരിശാക്കിയാണ് ലേബർ പാർട്ടി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായിരുന്ന കിയർ സ്റ്റാമർ പുതിയ പ്രധാനമന്ത്രിയായിരിക്കുന്നത്.

650 അംഗ പൊതുസഭയിൽ ലേബർ പാർട്ടി 412 സീറ്റാണ് നേടിയത്. ഭൂരിപക്ഷത്തിന് 326 സീറ്റു മതി. ഇന്ത്യൻ വംശജനായ മുൻ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റിൽ ഒതുങ്ങേണ്ടിവന്നു.

സ്റ്റാമറിന്റെ വിജയത്തിൽ ഇന്ത്യയ്ക്കും ആശ്വസിക്കാൻ വകയുണ്ട്. കാശ്‌മീർ പ്രശ്നത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന് നിരന്തരം ആവശ്യപ്പെടുന്ന നേതാവാണ് സ്റ്റാമർ. ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്ത് സ്റ്റാമർ എത്തിയതോടെയാണ് പാർട്ടി കാശ്‌മീർ വിഷയത്തിൽ നേരത്തേ സ്വീകരിച്ചിരുന്ന കടുത്ത നിലപാട് മാറ്റിയത്. 2019-ൽ ജെറമി കോർബെൻ പാർട്ടി നേതാവായിരുന്ന കാലത്താണ് കാശ്‌മീരിൽ മൂന്നാം കക്ഷി ഇടപെടൽ പാർട്ടി ആവശ്യപ്പെട്ടത്.

തീവ്ര ഇടതുപക്ഷ നിലപാടുകാരനായ ജെറമി കോർബെനും വിജയിച്ചിട്ടുണ്ട്. മുൻ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വിജയിച്ചത്. മുൻ പ്രധാനമന്ത്രി ലിസ് ട്രസും 12 ക്യാബിനറ്റ് മന്ത്രിമാരും തോൽക്കുകയും ചെയ്തു.

ഇതാദ്യമായി ഒരു മലയാളിയും ബ്രിട്ടീഷ് പാർലമെന്റിൽ എത്തി എന്നതിൽ കേരളീയർക്കും അഭിമാനിക്കാം. രണ്ട് പതിറ്റാണ്ടിലേറെയായി ഇംഗ്ളണ്ടിൽ താമസിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫാണ് ലേബർ പാർട്ടി സ്ഥാനാർത്ഥിയായി ആഷ്‌ഫോർഡിയിൽ നിന്ന് വിജയിച്ച് പാർലമെന്റിലെത്തിയത്. മാന്നാനം കെ.ഇ. കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഇദ്ദേഹം ഇംഗ്ളണ്ടിലെ മലയാളി അസോസിയേഷനുകളിലും കൂട്ടായ്‌മകളിലും സജീവ സാന്നിദ്ധ്യം വഹിക്കുന്ന വ്യക്തിയുമാണ്.

ആര് ഭരിച്ചാലും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മോശമായാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടുമെന്ന് തെളിയിച്ച ഇലക്‌ഷൻ കൂടിയാണ് ഇംഗ്ളണ്ടിൽ നടന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി സാമ്പത്തിക വളർച്ചയിൽ പിറകോട്ടായിരുന്ന ആ രാജ്യത്തിന്റെ കാര്യങ്ങൾ അത്ര മികവോടെയല്ല മുന്നോട്ട് പോയിരുന്നത്. ജീവിത ചെലവ് പലമടങ്ങ് വർദ്ധിച്ചെങ്കിലും അതിന് ആനുപാതികമായി ജനങ്ങളുടെ വരുമാനം വർദ്ധിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിലും അതിൽ നിന്ന് കരകയറുന്നതിനുള്ള വഴികൾ ആവിഷ്‌ക്കരിക്കുന്നതിലും കൺസർവേറ്റീവ് പാർട്ടിയുടെ ഭരണം ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. കൊവിഡ് വ്യാപനവും ബ്രെക്‌സിറ്റും സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ ഞെരുക്കുകയാണ് ചെയ്തത്. ജനം ഒരു മാറ്റത്തിനായി കാത്തിരുന്നപ്പോഴാണ് ഒരു മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യൂ എന്ന മുദ്രാവാക്യവുമായി ലേബർ പാർട്ടി രംഗത്തുവന്നത്. അതിനാൽ എറെക്കുറെ പ്രതീക്ഷിച്ച തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായതെന്ന് പറയാം. കൺസർവേറ്റീവ് ഭരണത്തിൽ തകരാറിലായ ദേശീയ ആരോഗ്യക്ഷേമപദ്ധതിയും ജനങ്ങളുടെ അതൃപ്‌തിക്ക് വലിയ ഒരു കാരണമായി മാറി. നികുതി വലിയ തോതിൽ വർദ്ധിപ്പിക്കാതെ നികുതി ചോർച്ചകൾ അടച്ചുകൊണ്ടും നികുതി വലയ്ക്ക് കീഴിൽ പുതിയ സ്ഥാപനങ്ങളെയും സംരംഭകരെയും മറ്റും ഉൾപ്പെടുത്തി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന വലിയ ഉത്തരവാദിത്വവും വെല്ലുവിളിയുമാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്. അഭയം തേടി ഇംഗ്ളണ്ടിലെത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കയിലെ റുവാണ്ടയിലേക്ക് അയയ്ക്കാനുള്ള ഋഷി സുനക് സർക്കാരിന്റെ വിവാദ തീരുമാനം പിൻവലിക്കുകയാവും തന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് എന്ന് സ്റ്റാമർ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ സ്റ്റാമർ മുൻകൈയെടുക്കുമെന്നും ഈ അവസരത്തിൽ പ്രതീക്ഷിക്കാം.

Advertisement
Advertisement