നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ വ്യാപകം: കണ്ണുവെട്ടിച്ച് കള്ളക്കടത്ത്

Sunday 07 July 2024 1:42 AM IST

കണ്ണൂർ:പരിശോധന ശക്തമാക്കുന്നുവെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ജില്ലയിലേക്ക് നിരോധിത പ്സാസ്റ്റിക്കിന്റെ കുത്തൊഴുക്ക്.കൊള്ള ലാഭ്യം ലക്ഷ്യമിട്ട് മഹാരാഷ്ട്ര,മുംബൈ ,കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക്ക് എത്തുന്നത്. കേരളത്തെ അപേക്ഷിച്ച് ഈ സംസ്ഥാനങ്ങളിൽ പ്ലാസ്റ്റിക്കിനെതിരെ ശക്തമായ നടപടി ഇല്ലാത്തതാണ് ഉത്പ്പാദനം കൂട്ടാനും കള്ളകടത്തിനും കാരണം.

ലാഭം ഇരട്ടിയാണെന്ന് പ്രതീക്ഷിച്ചാണ് സംസ്ഥാനത്തേക്ക് പ്ലാസ്റ്റിക്ക് ട്രെയിനിലും പാഴ്സൽ വണ്ടിയിലും മറ്റുമായി എത്തുന്നത്. കടത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ മൊത്തവ്യാപാരികളുടെ സംഘടനയുമായി ചേർന്ന് ചർച്ചയും ബോധവത്ക്കരണവും നടത്താനിരിക്കുകയാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്.

പിടികൂടുമ്പോഴും കുറവില്ല

കണ്ണൂർ മാർക്കറ്റ് റോഡ് ഗോപാൽ സ്ട്രീറ്റിലെ വി.കെ.സുലൈമാൻ ആൻഡ് സൺസിൽ നിന്നും ഒരു ടണ്ണോളം നിരോധിത പ്ളാസ്റ്റിക് അടുത്തിടെ എൻഫോഴ്സമെന്റ് സ്ക്വാഡ് പിടിച്ചെടുത്തിരുന്നു.മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നുമാണ് കാരിബാഗുകൾ ഉൾപ്പെടെയുള്ള പ്ളാസ്റ്റിക്ക് പിടിച്ചെടുത്തത്. പതിനഞ്ചു മുതൽ 20 കിലോ ഗ്രാം വരെയുള്ള ചാക്കുകെട്ടുകളിലാക്കിയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.ഇതേ സ്ഥാപനത്തിൽ നിന്നും നേരെത്തെയും പ്ലാസ്റ്റിക് പിടികൂടിയിരുന്നെന്നും അധികൃതർ പറഞ്ഞു.സ്ഥാപനത്തിനെതിരെ 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.എട്ട്മാസം മുൻപാണ് എളയാവൂർ സൗത്തിലെ പൂട്ടിയിട്ട വീട്ടിൽ നിന്നും ലക്ഷങ്ങളുടെ പ്ലാസ്റ്റിക്ക് പിടികൂടിയത്.കഴിഞ്ഞ ഒരു വർ‌ഷത്തിനിടയിൽ ലക്ഷക്കണക്കിന് നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.ലക്ഷങ്ങൾ പിഴയും ചുമത്തിയെങ്കിലും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ വരവിന് യാതൊരു കുറവുമില്ല.പിടിക്കപ്പെട്ടാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന മനോഭാവമാണ് ഇതിന് കാരണം.

പിടികിട്ടാതെ ഉറവിടം

പ്സാസ്റ്റിക് ഉത്പ്പന്നങ്ങൾ എവിടെ നിന്നാണ് എത്തുന്നത് എന്നത് സംബന്ധിച്ച് അധികൃതർക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.ഇവ കൊണ്ടു വരുന്ന കാരിബാഗുകളിൽ ഒന്നും തന്നെ സ്ഥാപനത്തിന്റെ പേരോ നമ്പറോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ഇല്ല.കൃത്യമായി എവിടെ നിന്നും എത്തുന്നുവെന്ന് പൊലീസ് അന്വേഷിക്കണമെന്ന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അധികൃതർ പറ‌ഞ്ഞു.

സംസ്ഥാനത്ത് എല്ലാ വിധ പ്ലാസ്റ്റിക് കാരിബാഗുകളും നിരോധിച്ചിട്ടുണ്ട്.എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ 120 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിച്ചിട്ടില്ല.ആ സാദ്ധ്യത മുതലെടുത്തു കൊണ്ടാണ് വലിയ തോതിൽ പ്ലാസിക് കടത്ത് ഇവിടേക്ക് വർധിക്കുന്നത്.ചെറു വാഹനങ്ങളിലും മറ്റും വന്ന് വ്യാപാരികൾക്ക് വിതരണം ചെയ്യുന്ന കാരി ബാഗുകൾ സംബന്ധിച്ച് യാതൊരു വിവരവും അതിന്റെ കവറിൽ ഉണ്ടാവുന്നില്ല

കെ.എം.സുനിൽ കുമാർ,ശുചിത്വ മിഷൻ ജില്ലാ കോ-ഒാർഡിനറ്റർ

നിരോധനം ഇവയ്ക്ക്

മിഠായി സ്റ്റിക്, പ്ലാസ്റ്റിക് ഐസ്‌ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്. പ്ലാസ്റ്റിക് സ്റ്റിക്കോടുകൂടിയ ഇയർ ബഡ്സിലെ സ്റ്റിക്ക്,
മധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം.
നോൺ വൂവൻ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക കാരിബാഗുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ (ബയോമെഡിക്കൽ മാലിന്യങ്ങൾക്കായി ഉള്ളവയൊഴികെ).
ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ, കപ്പുകൾ.
തെർമോക്കോൾ/െ്രസ്രറോഫോം ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ.
ഏകോപയോഗ പ്ലാസ്റ്റിക് നിർമിത സ്പൂൺ, ഫോർക്, സ്‌ട്രോ, സ്റ്റീറർ.
പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗളുകൾ, ഇല, ബാഗുകൾ.
പ്ലാസ്റ്റിക് കൊടിതോരണങ്ങൾ, പി.വി.സി. ഫ്‌ളെക്സുകൾ, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ.
കുടിവെള്ള പൗച്ചുകൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ.
500 മില്ലിലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ.
പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ.

Advertisement
Advertisement