രാഹുല്‍ ഗാന്ധി മണിപ്പൂരിലെ കാലപ ബാധിത പ്രദേശങ്ങളിലേക്ക്, പ്രതിപക്ഷ നേതാവായ ശേഷം ആദ്യ സന്ദര്‍ശനം തിങ്കളാഴ്ച

Saturday 06 July 2024 6:54 PM IST

ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജൂലായ് എട്ടിന് (തിങ്കളാഴ്ച) അദ്ദേഹം മണിപ്പൂരില്‍ എത്തും. സംസ്ഥാനത്തെ കലാപ ബാധിത പ്രദേശങ്ങളും ഒപ്പം ക്യാമ്പുകളില്‍ കഴിയുന്നവരേയും അദ്ദേഹം സന്ദര്‍ശിക്കും. കോണ്‍ഗ്രസ് പിസിസി നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായതിന് ശേഷം ഇതാദ്യമായിട്ടാണ് അദ്ദേഹം കലാപഭൂമിയായ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.

മുമ്പ് മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടക്കുകയാണെന്നും ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ആയ ശേഷമുളള ആദ്യ ലോക്‌സഭാ പ്രസംഗത്തിലും രാഹുല്‍ ഗാന്ധി മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ പറഞ്ഞു. വിജയത്തിലൂടെ സംസ്ഥാനത്ത് പുതിയ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിക്ക് അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പരാജയപ്പെടുമെന്നും രാഷ്ട്രീയജീവിതം അവസാനിക്കുമെന്നും സര്‍വേ നടത്തിയവര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതെന്നും രാഹുല്‍ പറഞ്ഞു.

അയോദ്ധ്യയില്‍ ബിജെപി തോല്‍ക്കാനുള്ള കാരണങ്ങളെക്കുറിച്ചും നേരത്തെ രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു. അയോദ്ധ്യയില്‍ കര്‍ഷകരുടെ ഭൂമിയില്‍ അന്താരാഷ്ട്രാവിമാനത്താവളം നിര്‍മിച്ചു. എന്നാല്‍, കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയില്ല. രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് അയോദ്ധ്യയിലെ ഒരാളെപ്പോലും ക്ഷണിച്ചില്ല. അദാനിയും അംബാനിയും പങ്കെടുത്ത പ്രാണപ്രതിഷ്ഠയില്‍ ഒരു സാധാരണക്കാരനെപ്പോലും കണ്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.