ശ്രീജയുടെ ക്ലിക്കിൽ പ്രകൃതി നിറയും,പ്രതിഭയെ അറിയും

Sunday 07 July 2024 12:27 AM IST

പാലാ: പച്ചിലകളുടെ തണലിൽ ചുവന്ന ചുണ്ടിന്റെ തിളക്കവുമായി പച്ചതത്തമ്മ. ഇലച്ചാർത്തിൽ ഇളകിയാടുന്ന പൂമ്പാറ്റകൾ. മഞ്ഞിൽ കുളിച്ച മൊട്ടക്കുന്നുകൾ. ഒരിരയ്ക്ക് വേണ്ടി മത്സരിക്കുന്ന രണ്ട് പരുന്തുകൾ... ശ്രീജ ഗോപകുമാറെന്ന വീട്ടമ്മയുടെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ദൃശ്യങ്ങൾക്ക് അത്യപൂർവചാരുത. പാലായ്ക്കടുത്ത് ആണ്ടൂർ ഏറത്തുരുത്തിയില്ലത്തെ ശ്രീജ ഗോപകുമാർ എന്ന 43കാരി ഇതിനോടകം പകർത്തിയത് ആയിരത്തിലേറെ ചിത്രങ്ങൾ. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ചന്ദ്രമനയിൽ വീട്ടിൽ റിട്ട. അധ്യാപകരായ ഗോവിന്ദൻ നമ്പൂതിരിയുടെയും രാജകുമാരിയുടെയും മകളായ ശ്രീജ ആണ്ടൂർ ഏറത്തുരുത്തിയില്ലത്ത് എ.എൻ.ഗോപകുമാറിന്റെ (കോതമംഗലം തഹസിൽദാർ) സഹധർമ്മിണിയായാണ് പാലായ്ക്ക് വരുന്നത്.

കുട്ടിക്കാലത്ത് തന്നെ ഫോട്ടോഗ്രാഫിയിൽ താത്പര്യം. ഒന്നും ആധികാരിമായി പഠിച്ചിട്ടില്ലെങ്കിലും ഫോട്ടോഗ്രഫിയെന്ന ഹോബിയുമായി വിവിധ സ്ഥലങ്ങളിൽ ശ്രീജയും കുടുംബവും കറങ്ങി. മുതുമല ടൈഗർ റിസർവിൽ നിന്നാണ് കൂടുതൽ ചിത്രങ്ങൾ പകർത്തിയത്. പെരിങ്ങോട്ടുകുറിശ്ശിയിലെ ചൂലന്നൂർ മയിൽസങ്കേതത്തിനടുത്തുള്ള വീട്ടിൽ നിന്നും ഒറ്റനോട്ടത്തിൽ കാണുന്ന നൂറുകണക്കിന് മൈയിലുകൾ തന്നെയായിരുന്നു ശ്രീജയുടെ ആദ്യ ആകർഷണം.

ആത്മസംതൃപ്തിയോടെ...

അപ്രതീക്ഷിതമായി തനിക്ക് കിട്ടിയ ചില ക്ലിക്കുകളാണ് കൂടുതൽ ആത്മസംതൃപ്തി നൽകിയിട്ടുള്ളതെന്ന് ശ്രീജ പറയുന്നു. ഇതിലൊന്നാണ് രണ്ട് പരുന്തുകൾ ഇരയ്ക്കുവേണ്ടി മത്സരിക്കുന്ന ചിത്രം. ലൈറ്റ് മാജിക് സ്‌കൂൾ ഓഫ് ഫോട്ടോഗ്രഫി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനവും കിട്ടി. ഭർത്താവ് ഗോപകുമാറും പ്ലസ്ടുവിന് പഠിക്കുന്ന ഇരട്ടമക്കൾ ശ്രീനന്ദൻ ജി. നമ്പൂതിരിയും ശ്രീപൗർണ്ണമി ജി. നമ്പൂതിയും ശ്രീജയ്ക്ക് വലിയ പിന്തുണ നൽകുന്നു.

Advertisement
Advertisement