മസൂദ് പെസഷ്‌കിയാൻ ഇറാൻ പ്രസിഡന്റ്

Sunday 07 July 2024 4:47 AM IST

ടെഹ്‌റാൻ: പരിഷ്‌കരണവാദിയായ മസൂദ് പെസഷ്‌കിയാൻ (69) ഇറാന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 5ന് അധികാരമേൽക്കും. വെള്ളിയാഴ്ച നടന്ന രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ പോൾ ചെയ്‌ത വോട്ടിന്റെ 54.76 ശതമാനം നേടിയാണ് ജയം.

എതിരാളിയും നയതന്ത്രജ്ഞനും തീവ്രനിലപാടുകാരനുമായ സയീദ് ജലീലിക്ക് 45.24 ശതമാനമേ നേടാനായുള്ളൂ. ദേശീയ സുരക്ഷാ കൗൺസിലിൽ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രതിനിധിയാണ് സയീദ്.

യാഥാസ്ഥിതിക നേതാക്കളിൽ നിന്ന് ഭിന്നമായി ജനങ്ങളുടെ താത്പര്യങ്ങൾക്ക് മുൻഗണന നൽകിയായിരുന്നു പെസഷ്‌കിയാനിന്റെ പ്രചാരണം. എന്നാൽ, രാജ്യത്തെ ഷിയാ നിയമങ്ങളെയും ഖമനേയിയേയും എതിർത്തിട്ടില്ല.

മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇറാനിൽ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

Advertisement
Advertisement