ആശാനെ സ്വീകരിച്ച് ശിഷ്യൻ ഹൈദരാബാദിൽ നായിഡു - രേവന്ത് ചർച്ച

Sunday 07 July 2024 12:15 AM IST

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് ഹൈദരാബാദിലെ മഹാത്മാ ജ്യോതിറാവു ഫൂലെ പ്രജാഭവനിൽ ഇന്നലെ വൈകിട്ട് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക, മന്ത്രിമാരായ ഡി. ശ്രീധർ ബാബു, പൊന്നം പ്രഭാകർ, ചീഫ് സെക്രട്ടറി എ. ശാന്തികുമാരി എന്നിവർ ചേർന്ന് സ്വീകരണം നൽകി. സംസ്ഥാനങ്ങളുടെ വിഭജനത്തിനു ശേഷമുള്ള തർക്ക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് നായിഡു ഹൈദരാബാദിലെത്തിയത്. രാഷ്ട്രീയ രംഗത്തെ തന്റെ ആദ്യഗുരു കൂടിയായ നായിഡുവിനെ രേവന്ത് റെഡ്ഡി പൂച്ചെണ്ട് നൽകി സ്വീകരിച്ചാനയിച്ചു.

നാല് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാന പുനഃസംഘടനാ നിയമത്തിൽ പരാമർശിക്കാത്ത 12 സ്ഥാപനങ്ങളുടെ ആസ്തികളും ബാദ്ധ്യതകളും സംബന്ധിച്ചായിരുന്നു ഇന്നലെ ചർച്ച നടന്നത്.

ഹൈദരാബാദ് പൊതു തലസ്ഥാനമല്ലാതായി തീർന്ന ജൂൺ 2 മുതൽ തെലങ്കാനയുടെ കൈവശമെത്തിയ സി.ഐ.ഡി ആസ്ഥാനം, ഹെർമിറ്റേജ് ബിൽഡിംഗ്സ്, ലേക് വ്യൂ ഗസ്റ്റ് ഹൗസ് എന്നീ മൂന്ന് കെട്ടിടങ്ങൾ ആന്ധ്രാപ്രദേശിന് വിട്ടുനൽകുന്നതും ചർച്ചയിൽ വിഷയമാകും. ഇന്നും ചർച്ച തുടരും.

Advertisement
Advertisement