ഹാഥ്റസ് ദുരന്തം; രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നു

Sunday 07 July 2024 12:17 AM IST

ലക്‌നൗ: ഹാഥ്റസിൽ സത്‌സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും 121 പേർ മരിച്ച സംഭവത്തിൽ പിടിയിലായ മുഖ്യപ്രതി ദേവ് പ്രകാശ് മധുകരുടെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ്. അടുത്തിടെ ഇയാൾ നിരവധി രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടിരുന്നതായി എസ്.പി. നിപുൺ അഗർവാൾ പറഞ്ഞു.

സത്‌സംഗ് നടത്തിയ ആൾദൈവം ഭോലെ ബാബയുടെ സംഘടനയ്ക്ക് രാഷ്ട്രീയ സംഭവന ലഭിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അതിനാൽ രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മധുകറിന്റെ പണമിടപാടും ഫോൺ കാളുകളും പരിശോധിക്കുകയാണ്. ആവശ്യമെങ്കിൽ മറ്റ് അന്വേഷണ ഏജൻസികളുടെ സഹായം തേടും.
അതിനിടെ കോടതിയിൽ ഹാജരാക്കിയ മധുകറിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റിഡയിൽ റിമാൻഡ് ചെയ്‌തു. അന്വേഷണം ഊർജ്ജിതമാക്കിയതിനിടെ കഴിഞ്ഞ ദിവസം രാത്രി ഇയാൾ കീഴടങ്ങുകയായിരുന്നുവെന്ന് അഭിഭാഷകൻ അറിയിച്ചു. എന്നാൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ വേഗത്തിലുള്ള അന്വേഷണം വേണമെന്നും സംഘാടകർക്കെതിരെ കർശന നടപടിവേണമെന്നാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ആവശ്യം. അതിനിടെ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.

വർഷങ്ങളായി

ബന്ധം

2010 മുതൽ ഇറ്റാ ജില്ലയിൽ എം.എൻ.ആർ.ഇ.ജി.എയിൽ ജൂനിയർ എൻജിനിയറായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുകയാണെന്നാണ് മധുകർ പൊലീസിനോട് പറഞ്ഞത്. ഭോലെ ബാബയുടെ സംഘടനയുമായി വർഷങ്ങളുടെ ബന്ധമുണ്ട്. പല പരിപാടികളിലും മുഖ്യ സംഘാടകനും ധനസമാഹരണം നടത്തിയിരുന്നതും ഇയാളാണ്. ഇയാളുടെ നേതൃത്വത്തിലായിരുന്നു സംഘാടനം. പരിപാടിയിൽ ഇടപെടാൻ ഇവർ പൊലീസിനെ അനുവദിച്ചിരുന്നില്ല.

ഭോലെ ബാബയ്ക്ക്

ആദ്യ കേസ്

ഭോലെ ബാബയെ പ്രതിയാക്കി ആദ്യ കേസെടുത്തു. ബീഹാറിലെ പാട്നയിൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് കേസ് രേഖപ്പെടുത്തിയത്. സംഭവസമയത്ത് 40ഓളം പൊലീസ് ഉദ്യോഗസ്ഥർ മാത്രമേ സുരക്ഷയ്ക്കായി ഉണ്ടായിരുന്നുള്ളൂവെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.

ഹാഥ്റസ് ദുരന്തത്തിനു കാരണക്കാരായ ഭോലെ ബാബയുൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണം. അവരെപ്പോലുള്ളവരുടെ വാക്കുകളിൽ വീഴരുത്. പിന്നാലെ പോകരുത്. രാജ്യത്തെ ദളിതരും പാവപ്പെട്ടവരും പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി ഇത്തരം അന്ധവിശ്വാസങ്ങളിലും കാപട്യങ്ങളിലും ചെന്നുവീണ് വേദന വർദ്ധിപ്പിക്കകരുത്. പകരം അംബേദ്കറെ പോലുള്ളവർ കാണിച്ചുതന്ന വഴികൾ പിന്തുടരണം. രാഷ്ട്രീയ താത്പര്യങ്ങളാൽ സർക്കാർ ഈ വിഷയത്തിൽ മൃദുസമീപനമാണ് പുലർത്തുന്നത്.

-മായാവതി

ബി.എസ്.പി അദ്ധ്യക്ഷ മായാവതി. 

Advertisement
Advertisement