അയോദ്ധ്യയിലെ ബി.ജെ.പി പരാജയം ഗുജറാത്തിലും ആവർത്തിക്കും: രാഹുൽ

Sunday 07 July 2024 1:16 AM IST

ന്യൂഡൽഹി: അയോദ്ധ്യയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സംഭവിച്ച പരാജയം ശക്തികേന്ദ്രമായ ഗുജറാത്തിലും ആവർത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ രാഹുൽ അഹമ്മദാബാദിൽ കോൺഗ്രസ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു.

അയോദ്ധ്യയിൽ 'ഇന്ത്യ' മുന്നണി ബി.ജെ.പിയെ പരാജയപ്പെടുത്തി. അടുത്തത് ഗുജറാത്താണ്. എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ തുടങ്ങിയ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമായ അയോദ്ധ്യയിലെ പരാജയം ഗുജറാത്തിലും ആവർത്തിക്കും. നരേന്ദ്ര മോദി സൃഷ്‌ടിച്ച പ്രത്യയശാസ്ത്ര കുമിള പൊട്ടിയെന്നും രാഹുൽ പറഞ്ഞു.
ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താൻ ജനങ്ങളെ നയിച്ചത് ഗുജറാത്തിൽ നിന്നുള്ള മഹാത്മാഗാന്ധിയായിരുന്നു. കോൺഗ്രസിന് ബ്രിട്ടീഷുകാരെ ഭയമില്ല. എന്നാൽ ബി.ജെ.പിയുടെ പൂർവികർ ബ്രിട്ടീഷുകാർക്ക് മുന്നിൽ കീഴടങ്ങിയവരാണ്. അതിനാൽ കോൺഗ്രസ് ബി.ജെ.പിയെയോ മോദിയെയോ ഭയപ്പെടുന്നില്ല.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു. 2017ൽ നല്ല പ്രകടമാണ് കാഴ്‌വച്ചത്. മൂന്ന് വർഷം നന്നായി അദ്ധ്വാനിച്ചാൽ ബി.ജെ.പിയെ പരാജയപ്പെടുത്താം.

ബി.ജെ.പിയിൽ മോദിയോട് എല്ലാവർക്കും ഭയമാണെന്നും കോൺഗ്രസ് വ്യത്യസ്‌തമാണ്. ആർക്കും തന്നോട് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. ഗുജറാത്തിലെ ജനങ്ങൾ ഒരുപാട് അപമാനവും മാനക്കേടും സഹിച്ചെന്നും തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിച്ച് ഒരു പാഠം പഠിപ്പിക്കണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മുകുൾ വാസ്‌നിക്, ദീപക് ബാബരിയ, ശക്തി സിംഗ് ഗോഹിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Advertisement
Advertisement