കുൽഗാം ഏറ്റുമുട്ടൽ: സൈന്യം വധിച്ചവരിൽ കൊടും ഭീകരനും, രണ്ട് ജവാന്മാർക്ക് വീരമൃത്യു

Sunday 07 July 2024 7:14 AM IST

ജമ്മു: ജമ്മുകാശ്മീരിലെ കുൽഗാമിൽ സൈന്യം വധിച്ച ഭീകരരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡർ ഫറുഖ് അഹമ്മദും ഉൾപ്പെടുന്നു. ഇയാളുടെ മരണം സൈന്യം സ്ഥിരീകരിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.

ഇതുവരെ എട്ടുഭീകരരെയാണ് സൈന്യം വധിച്ചത്. ഇന്നലെ മുതൽ തുടങ്ങിയ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകർക്ക് കടുത്ത നാശം വിതച്ചത്. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ‌്കുമാറുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.

ജില്ലയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പ്രദേശത്ത് പരിശോധന ആരംഭിച്ചത്. ഇന്നലെ ഉച്ചയോടെ മേഖലയിൽ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചെന്നാണ് സൈന്യം ആദ്യം അറിയിച്ചത്. എന്നാൽ കൂടുതൽ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് സൈന്യം പിന്നീട് വ്യക്തമാക്കുകയായിരുന്നു. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്നാണ് സംശയം. കൂടുതൽ സൈനികരും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.

സൈന്യം നടപടി ശക്തമാക്കിയതോടെ ജമ്മുകാശ്മീരിൽ ഭീകരപ്രവർത്തനത്തിന്റെ ശക്തി കുറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ പ്രശ്നമുണ്ടാക്കാൻ ഭീകരർ ശ്രമിക്കുന്നുണ്ട്. വിവിധ ജില്ലകളിലായി നിരവധി ഏറ്റുമുട്ടലുകൾ റിപ്പോർട്ടുചെയ്തത്. ഇതോട‌െ സൈന്യം കടുത്ത ജാഗ്രതയിലാണ്.

Advertisement
Advertisement