'റോബോട്ട് ആത്മഹത്യ': പുതിയ റോബോട്ടിനായുള്ള നീക്കം ഉപേക്ഷിച്ച് അധികൃതർ

Sunday 07 July 2024 7:26 AM IST

സോൾ: ദക്ഷിണ കൊറിയയിൽ സർക്കാർ ഓഫീസിലെ 'റോബോട്ട് ആത്മഹത്യ'യിൽ അന്വേഷണം തുടരുന്നതിനിടെ പുതിയ റോബോട്ടിനെ അവതരിപ്പിക്കാനുള്ള നീക്കം താത്കാലികമായി ഉപേക്ഷിച്ച് അധികൃതർ. ജൂൺ 27ന് ഗുമി സിറ്റി കൗൺസിൽ ഓഫീസിൽ ജോലി ചെയ്‌തിരുന്ന റോബോട്ട് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് കോണിപ്പടിയിലൂടെ താഴേക്ക് വീണ് പ്രവർത്തനരഹിതമായിരുന്നു. വീഴുന്നതിന് തൊട്ടു മുമ്പ് റോബോട്ട് ആശയക്കുഴപ്പത്തോടെ വട്ടം കറങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പിന്നാലെ, മണിക്കൂറുകളോളം നീളുന്ന ജോലിയിലും സമ്മർദ്ദത്തിലും മടുത്ത് റോബോട്ട് താഴേക്ക് ചാടി ' ആത്മഹത്യ' ചെയ്തതാണെന്ന മട്ടിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ വാർത്ത വൈറലായി. റോബോട്ട് വീണത് സാങ്കേതിക തകരാർ മൂലമാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. ഇതിലേക്ക് നയിച്ച കാരണം കണ്ടെത്താൻ അന്വേഷണം തുടരുന്നതിനാലാണ് പുതിയ റോബോട്ടിനായുള്ള നീക്കം താത്കാലികമായി നിറുത്തിവച്ചതെന്ന് ഗുമി സിറ്റി കൗൺസിൽ അറിയിച്ചു. റോബോട്ടിന്റെ തകർന്ന ഭാഗങ്ങൾ പരിശോധനയ്ക്കായി മാറ്റി. ദിശനിർണയത്തിലെ പിഴവ്, സെൻസർ തകരാർ, പ്രോഗ്രാമിംഗ് വൈറസ് തുടങ്ങിയവയാകാം തകരാറിലേക്ക് നയിച്ചത്.

Advertisement
Advertisement