യു.എസ് തിരഞ്ഞെടുപ്പ്: ദൈവം ഇറങ്ങി വന്ന് പറഞ്ഞാൽ പിന്മാറാമെന്ന് ബൈഡൻ
വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം ഉറച്ചതാണെന്ന് ജോ ബൈഡൻ. സർവശക്തനായ ദൈവം ഇറങ്ങി വന്ന് പറയട്ടെ, എങ്കിൽ പിന്മാറാം എന്നും അങ്ങനെ സംഭവിക്കില്ലെന്നും ബൈഡൻ പറഞ്ഞു. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്നും ടെലിവിഷൻ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ ബൈഡൻ തള്ളി. ട്രംപുമായുള്ള ആദ്യ ടെലിവിഷൻ സംവാദത്തിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ വിമർശനം രൂക്ഷമാകുന്നതിനിടെയാണ് ബൈഡന്റെ ആവർത്തിച്ചുള്ള വിശദീകരണം. 81കാരനായ ബൈഡൻ പിന്മാറണമെന്നും മറ്റൊരാൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകണമെന്നും ആവശ്യമുയരുന്നുണ്ട്. അതേസമയം, യാത്രാ ക്ഷീണവും ജലദോഷവും മൂലം സംവാദത്തിൽ മികച്ച പ്രകടനം നടത്താനായില്ലെന്നും പ്രസിഡന്റാകാൻ തന്നേക്കാൾ യോഗ്യനായ മറ്റൊരുമില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.