'ആ സ്വപ്നത്തിൽ കണ്ടത് രണ്ടാമത്തെ ദിവസം ലൈഫിൽ സംഭവിച്ചു'; മാതാ അമൃതാനന്ദമയിയുടെ ഭക്തയായതിനെക്കുറിച്ച് ലക്ഷ്‌മിപ്രിയ

Sunday 07 July 2024 11:42 AM IST

അമൃതാനന്ദമയി ഭക്തയായതിനെപ്പറ്റി തുറന്നുപറഞ്ഞ് നടി ലക്ഷ്മിപ്രിയ. വർഷങ്ങൾക്ക് മുമ്പ് താൻ കണ്ട സ്വപ്നമാണ് അമൃതാനന്ദമയിയുടെ കടുത്ത ഭക്തയായതിന് പിന്നിലെന്ന് നടി പറയുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയായിരുന്നു ലക്ഷ്മിപ്രിയയുടെ വെളിപ്പെടുത്തൽ.


'എന്റെ സുഹൃത്തുക്കളിൽ ഈശ്വരവിശ്വാസം ഇല്ലാത്തവരും ഒരുപാടുപേരുണ്ട്. അത് അവരുടെ വിശ്വാസമാണ്. അതെനിക്കെങ്ങനെ തകർക്കാൻ പറ്റും. ഞാൻ മാതാ അമൃതാനന്ദമയി ദേവിയുടെ ഭയങ്കര ഭക്തയാണ്. ഞാൻ കായംകുളത്താണ്. അമ്മയുള്ളത് വള്ളിക്കാവിലാണ്. വളരെ ചെറിയ ദൂരമേയുള്ളൂവെങ്കിലും പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് മാതാ അമൃതാനന്ദമയി എന്നയാളെപ്പറ്റി ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. പക്ഷേ അമ്മ ചെയ്തിട്ടുള്ള കുറേ കാര്യങ്ങൾ അറിയാം. മാതൃവാണി എന്റെ ഭർത്താവിന്റെ വീട്ടിൽ വരുത്തുമായിരുന്നു. അതിലുള്ള കുറേ വാക്കുകൾ സ്വാധീനിച്ചിട്ടുണ്ട്. സുനാമി വന്ന സമയത്ത് വാർത്തയിൽ കുറേ തവണ കണ്ടിട്ടുണ്ട്. കടലിന്റെ മക്കളാണല്ലോ സുനാമിയിൽ പെട്ട് പോയത്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് വെള്ളം കാണുന്നത് തന്നെ പേടിയായി.

കടലിൽ കളിച്ചുവളർന്ന കുഞ്ഞുങ്ങളാണ്. ആ സമയത്ത് അമ്മ എന്ത് ചെയ്തു, ഇവരുടെയൊപ്പം ചെന്ന്, ഒരമ്മ ചേർത്ത് പിടിക്കുന്ന ഒരു പിടിക്കലുണ്ട് മക്കളെ. അത് ആരുടെ അമ്മയോ ആയിക്കോട്ടെ. നമ്മളെ ഒരമ്മ ചേർത്തുപിടിക്കുമ്പോൾ നമ്മൾ അലിഞ്ഞില്ലാതാകും. അങ്ങനെ ആ കുഞ്ഞുങ്ങളെ അമ്മ ചേർത്തുപിടിച്ചു. കുടിവെള്ളം കാണുന്നത് വരെ പേടിയായിരുന്ന കുഞ്ഞുങ്ങളെ, അമ്മ അവരെ പതുക്കെ പതുക്കെ വെള്ളത്തിലേക്ക് കൊണ്ടുപോയി നീന്തി, സമാധാനിപ്പിക്കുന്ന കാഴ്ചകളുണ്ട്.

അതുപോലെ അവിടത്തെ സെപ്ടിക് ടാങ്കുകൾ ബ്ലോക്കായ സമയത്ത്, എന്റെ മക്കളുടെ ഈ അഴുക്കൊന്നും കോരുന്നതിന് എനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് അമ്മയാണ് ആദ്യം ചാടിയിറങ്ങുന്നത്. ഏതൊരു സ്‌പിരിച്വൽ നേതാവാണ് അങ്ങനെ ഇറങ്ങുന്നത്?​ അമ്മ ഇറങ്ങി. ഇതെല്ലാം കോരുന്ന അമ്മയുടെ ചിത്രം ഞാൻ കണ്ടിട്ടുണ്ട്. ഇതൊക്കെ ഉള്ളിലെവിടെയോ ഉണ്ടെങ്കിലും എനിക്ക് അമ്മയുമായി കണക്ഷനോ കാര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.


പക്ഷേ പത്ത് പന്ത്രണ്ട് വർഷം മുമ്പ് ഞാൻ അമ്മയെ സ്വപ്നം കണ്ടു. ആ സ്വപ്നം കണ്ടത് എന്താണോ, രണ്ടാമത്തെ ദിവസം എന്റെ ലൈഫിൽ അങ്ങനെയൊരു കാര്യം സംഭവിക്കുകയും ചെയ്തപ്പോൾ ഞാൻ സറണ്ടറായിപ്പോയി.'- ലക്ഷ്മിപ്രിയ പറഞ്ഞു. തന്റെ വിശ്വാസങ്ങൾ മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement
Advertisement