കൂടോത്രത്തിനും കൈവിഷത്തിനും ശരിക്കും ശക്തിയുണ്ടോ, സെലിബ്രിറ്റികൾ പോലും കൂട്ടുകൂടുന്ന ഇവയിൽ നിന്ന് രക്ഷപ്പെടാനാകുമോ?

Sunday 07 July 2024 2:09 PM IST

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രത്തിന് ഉപയാേഗിക്കുന്ന ചില വസ്തുക്കൾ കണ്ടെടുത്തത് അടുത്തിടെ വൻ വാർത്തയായിരുന്നു. വീട്ടുവളപ്പിൽ നിന്ന് ഇവ കുഴിച്ചെടുക്കുന്നതിന്റെ വീഡിയോ ചാനലുകൾ ഇടതടവില്ലാതെ കാണിക്കുകയും ചെയ്തു. പിറ്റേദിവസം മറ്റുചില കോൺഗ്രസ് നേതാക്കളുടെ വീട്ടിലും ഓഫീസിലുമൊക്കെ കൂടോത്ര വസ്തുക്കൾ കണ്ടെത്തിയെന്ന വാർത്തകളും പുറത്തുവന്നു.

പരിഷ്കൃത ലോകത്ത് ഇപ്പോഴും ഇത്തരത്തിലുള്ള വിശ്വാസമോ എന്ന് പുച്ഛിച്ച് തള്ളിയവർ നിരവധിയാണ്. എന്നാൽ ഇതിനെ അങ്ങനെ തള്ളേണ്ടെന്നും കൂടോത്രത്തിലും മന്ത്രവാദത്തിലും ചില കാര്യങ്ങൾ ഉണ്ടെന്നുമാണ് മറ്റുചിലർ പറയുന്നത്. ഇതിൽ ഏതാണ് സത്യമെന്ന് വ്യക്തമല്ലെങ്കിലും രണ്ടാമത്തെ പക്ഷക്കാർക്കാണ് ഭൂരിപക്ഷം. തങ്ങളുടെ വിശ്വാസം സാധൂകരിക്കാനായി അവർ ചില അനുഭവങ്ങളും നിരത്തുന്നുണ്ട്. തന്നിൽ ദുർമന്ത്രവാദം നടത്താനും ആർത്തവ രക്തം കലർന്ന ഭക്ഷണം കഴിപ്പിക്കാൻ ശ്രമിച്ചെന്നും നടി കങ്കണാ റണാവത്തിനെക്കുറിച്ച് അവരുടെ മുൻ കാമുകൻ വെളിപ്പെടുത്തിയത് വൻ വിവാദമായിരുന്നു.

എന്താണ് കൂടോത്രം?

നല്ല കാര്യങ്ങൾക്കുവേണ്ടിയാണ് കേരളത്തിൽ മന്ത്രവാദം ഉപയോഗിച്ചിരുന്നത്. കുടുംബാംഗങ്ങളെയോ, കുടുംബത്തെ മുഴുവനായോ ബാധിച്ച പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാനും സമ്പത്തും കീർത്തിയും ആയുസുമൊക്കെ കിട്ടാനുമാണ് കൂടുതലും മന്ത്രവാദം ചെയ്തിരുന്നത്. ഇതിനൊപ്പം കൂടോത്രവും പതിയെ വളർന്നു എന്നുവേണം കരുതാൻ. പണ്ടുകാലത്ത് രാജാക്കന്മാർ തങ്ങളുടെ ശത്രുക്കളെ നിർമാർജനം ചെയ്യാൻ ചില മന്ത്രവാദികളെ ഉപയോഗിച്ചിരുന്നുവത്രേ. ശത്രുക്കളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കിയാണ് ഇത് സാധിച്ചിരുന്നത്. ദൈവം ഒരിക്കലും ഇത്തരം പ്രവൃത്തികൾക്ക് കൂട്ടുനിൽക്കാത്തതിനാൽ പിശാചിനെ കൂട്ടുപിടിച്ചാണ് ഇവർ ശത്രുക്കൾക്ക് ദോഷം ഉണ്ടാക്കിയിരുന്നത്. ഇങ്ങനെയുള്ളവരെയാണ് ദുർമന്ത്രവാദികൾ എന്ന ഗണത്തിൽ പെടുത്തുന്നത്.

പേപിടിച്ച നായയെകൊണ്ടും പാമ്പിനെക്കൊണ്ടും കടിപ്പിക്കുക, ഭ്രാന്തു പിടിപ്പിക്കുക, രക്തം ഛർദിപ്പിക്കുക, ശ്വാസം മുട്ടിച്ച് കൊല്ലുക, വസൂരി പിടിപ്പിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയവയൊക്കെ ദുർമന്ത്രവാദികളുടെ ചെയ്തികളാണ്. കോഴിത്തലയെയും പൂച്ചത്തലയെയുമാെക്കെയാണ് ഇവർ പലപ്പോഴും ആയുധമാക്കുന്നത്.

വെറുതേയല്ല

മനുഷ്യാതീതമായ ശക്തിയെ വിളിച്ചുവരുത്തി അതിനെ മറ്റാെരു വസ്തുവിലേക്ക് ആവാഹിച്ചാണ് ദുർമന്ത്രവാദം നടത്തുന്നത്. ആവാഹിക്കപ്പെടുന്ന വസ്തുവിൽ ദൈവത്തിന് എതിരായ ചില ചിഹ്നങ്ങൾ വരച്ചുചേർക്കുന്നു. അതിനുശേഷമാണ് ശക്തിയെ വിളിച്ചുവരുത്തി ആവാഹിക്കുന്നത്. എത്ര വിശുദ്ധമായ വസ്തുവായിരുന്നാലും ഇങ്ങനെ ചെയ്യുന്നതിലൂടെ അത് വിശുദ്ധവസ്തുവല്ലാതായി തീരും. ആദവും ഹവ്വയും പാപം ചെയ്തതിലൂടെ മണ്ണുപോലും ശപിക്കപ്പെട്ടതായി ദൈവം പറന്നുണ്ട്. പാപകർമ്മങ്ങളിലൂടെ മണ്ണും അതിലുള്ള വസ്തുക്കളും അശുദ്ധമായെന്ന വിശ്വാസം മൂലമാണ് വീടുകളും സ്ഥാപനങ്ങളുമൊക്കെ ഉപയോഗിക്കുന്നതിന് മുമ്പ് പൂജിക്കുന്നതെന്നാണ് ആചാര്യന്മാർ പറയുന്നുണ്ട്. ദൈവസാന്നിദ്ധ്യം ഉള്ള സ്ഥലങ്ങളിൽ ഇത്തരം മന്ത്രപ്രയാേഗങ്ങൾ ഏൽക്കില്ല. പാപങ്ങൾ നിറഞ്ഞ സ്ഥലത്ത് ഉപയോഗിച്ചതുകൊണ്ടാണ് ദൈവത്തിന്റെ ഇരിപ്പിടമായ ആരാധനാലയങ്ങളിൽ ചെരുപ്പിന് സ്ഥാനമില്ലാത്തതെന്നും ചില ആചാര്യന്മാർ പറയുന്നു..

കൈവിഷം

കൈവിഷം എന്ന വാക്ക് കേൾക്കാത്തവർ ആരുംതന്നെ ഉണ്ടാകില്ല. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ഒരാളെ മകനോ മകളോ കല്യാണം കഴിച്ചാൽ ബന്ധുക്കൾ പറയുന്ന ഒരു പ്രയോഗമുണ്ട്. അവൾ/ അവൻ കൈവിഷം കൊടുത്തതാണ് എന്ന്. ദുഷ്ട ശക്തിയെ ഭക്ഷണത്തിലേക്ക് ആവാഹിച്ച് ഒരു വ്യക്തിക്ക് നൽകുന്നതിനെയാണ് കൈവിഷം എന്നതുകാെണ്ട് അർത്ഥമാക്കുന്നത്. വശീകരണമോ നാശമോ ആയിരിക്കും ഇതിലൂടെ ലക്ഷ്യമിടുന്നത്. വശ്യം, ലാഭം, അടിമപ്പെടുത്തൽ തുടങ്ങിയവയ്ക്കാണ് കൈവിഷ പ്രയോഗം പൊതുവെ നടത്തപ്പെടുന്നത്.

ദുഷ്ടശക്തികൾ കയറിയ ഭക്ഷ്യവസ്തുക്കൾ സൂത്രത്തിലാവും ലക്ഷ്യമിട്ടയാൾക്ക് ഭക്ഷിക്കാൻ നൽകുന്നത്. ഇങ്ങനെ നൽകുന്ന വസ്തു ദഹിക്കാതെ ഇരയുടെ വയറ്റിൽ കിടക്കുമെന്നും അക്കാലമത്രയും ശത്രു ലക്ഷ്യംവച്ച കാര്യങ്ങൾ എല്ലാം നടത്താനാകുമെന്നുമാണ് വിശ്വാസം. കൈവിഷം തീണ്ടിയെന്ന് മനസിലായാൽ ആ വ്യക്തിയെ ബന്ധുക്കൾ കൈ വിഷം ഒഴിപ്പിക്കുന്നതിന് വിധേയമാക്കും. ഉള്ളിലുള്ള വിഷം ഛർദ്ദിപ്പിച്ചു കളയുകയാണ് പൊതുവെ ചെയ്യുന്നത്. ഇങ്ങനെ ചെയ്താൽ എല്ലാ പ്രശ്നങ്ങളും ഒഴിയും എന്നാണ് വിശ്വാസം.

ദുർമന്ത്രവാദത്തിലൂടെ ഒരു വ്യക്തിയിൽ സന്നിവേശിപ്പിക്കപ്പെട്ട ദുഷ്ട ശക്തികളെ മുട്ടയിലും തേങ്ങയിലും മറ്റും ആവാഹിച്ചശേഷം ആ മുട്ടയെയും തേങ്ങയെയും എറിഞ്ഞോ കതിനാവെടിയുടെ സഹായത്തോടെയാേ പൊട്ടിച്ച് തരിപ്പണമാക്കുകയോ ചെയ്യുന്ന രീതിയും ചിലയിടങ്ങളിലുണ്ട്.

ദൈവത്തിന് അതല്ല പണി

വെളുപ്പ് നല്ല ശക്തിയുടെയും കറുപ്പ് ദുഷ്ട ശക്തിയുടെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ദൈവവും ചെകുത്താനും നിരന്തരം യുദ്ധത്തിലാണെന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നാണ് പല പുരോഹിതരും പറയുന്നത്. ലോകത്തിന്റെ തന്നെ സ്രഷ്ഠാവായ ദൈവത്തോട് ഏറ്റുമുട്ടാൻ ഒരിക്കലും സാത്താന് ശക്തിയില്ല. മാത്രമല്ല ഒരൊറ്റ നിമിഷം കൊണ്ട് സാത്താന്റെ പ്രതീകങ്ങളായവരെ ഭസ്മീകരിക്കാനും ദൈവത്തിനാവും. എന്നാൽ ദൈവം ഒരിക്കലും ഒന്നിനെയും നശിപ്പിക്കില്ല. മാത്രമല്ല അത്തരത്തിലുള്ളവർക്ക് അവസാനംവരെ അവസരവും നൽകും. പരലോകത്തെത്തിയശേഷമായിരിക്കും ദൈവം ഇതിനുള്ള ശിക്ഷ നൽകുന്നത്. ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ദൈവത്തെ പ്രാർത്ഥിച്ച് നേടുന്ന അനുഗ്രഹം കൊണ്ട് കൂടോത്രത്തിൽ നിന്നും പിശാചിൽ നിന്നും രക്ഷനേടാനാവുമെന്നും പുരോഹിതർ പറയുന്നു.

Advertisement
Advertisement