ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പ്; വിമാനത്തിൽവരെ കൊണ്ടുപോകാവുന്ന യുദ്ധ ടാങ്ക് നിർമിച്ച് ഇന്ത്യ

Sunday 07 July 2024 2:17 PM IST

ന്യൂഡൽഹി: അതിർത്തിയിലെ ചൈന,​ പാക് ഭീഷണി നേരിടാൻ ഇന്ത്യ വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്കായ സോറവാർ ഗുജറാത്തിലെ ഹാസിറയിൽ വിജയകരമായി പരീക്ഷിച്ചു. കൂടുതൽ പരീക്ഷണങ്ങൾക്കായി അടുത്ത ഏപ്രിലിൽ സൈന്യത്തിന് കൈമാറും. എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കി 2027ൽ സോറവാർ സൈന്യത്തിൽ വിന്യസിക്കും.

കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്കപ്പുറത്ത് ചൈന വിന്യസിച്ച ഭാരം കുറഞ്ഞ മൗണ്ടൻ ടാങ്കുകളുടെ ഭീഷണി നേരിടുകയാണ് പ്രധാന ലക്ഷ്യം. ഭാരം കുറവായതിനാൽ​ ടി- 72,​ ടി-90 ടാങ്കുകളെക്കാൾ കുറഞ്ഞ സമയത്തിൽ പർവതങ്ങളിലും മരുഭൂമികളിലും കുത്തനെയുള്ള കയറ്റിറക്കങ്ങളിലും ഉപയോഗിക്കാം.

ഡി.ആർ.ഡി.ഒയും ലാർസൻ ആൻഡ് ടൂബ്രോയും സംയുക്തമായാണ് സോറവാർ വികസിപ്പിച്ചത്. വെറും രണ്ടര വർഷത്തിനുള്ളിലാണ് ടാങ്ക് രൂപകൽപ്പന ചെയ്‌ത് ആദ്യ പ്രോട്ടോടൈപ്പ് നിർമ്മിച്ചത്. 354 ടാങ്കുകളാണ് നിർമ്മിക്കുക.

19ാം നൂറ്റാണ്ടിൽ ലഡാക്കിൽ സൈനിക ഓപ്പറേഷനുകൾ നടത്തിയ ദോഗ്ര ജനറൽ സോറവാർ സിംഗിന്റെ പേരാണ് ടാങ്കിന് നൽകിയത്.

ഭാരം കുറഞ്ഞാലും കരുത്ത്

ഭാരം 25 ടൺ മാത്രം (ടി 90 ടാങ്കിന്റെ പകുതി)

വിമാനത്തിൽ കയറ്റി കൊണ്ടുപോകാം

വലിയ ടാങ്കുകൾ എത്താത്ത പർവതങ്ങളിൽ അതിവേഗം വിന്യസിക്കാം

കൈകാര്യം ചെയ്യാൻ എളുപ്പം

കരയിലും വെള്ളത്തിലും ഉപയോഗിക്കാം

നദികളും തടാകങ്ങളും വേഗം മുറിച്ചുകടക്കാം

ഭാരം കൂടിയ ടാങ്കിന്റെ സുരക്ഷിതത്വവും ഇടത്തരം ടാങ്കിന്റെ ആക്രമണ ശേഷിയും

ടാങ്ക് വേധ ഗൈഡഡ് മിസൈലുകൾ
സ്‌ഫോടനം ചെറുക്കുന്ന കവചം

ഡ്രോണുകളുമായി ബന്ധിപ്പിക്കാം

അനായാസ ചലന ശേഷി

Advertisement
Advertisement