ഹെയർ ഡൈ കടയിൽ നിന്ന് വാങ്ങേണ്ട; മഞ്ഞളും വെളിച്ചെണ്ണയും ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാം, നര അപ്രത്യക്ഷമാകും
നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ വാങ്ങിയാണ് പലരും നരയെ മറയ്ക്കുന്നത്. പക്ഷേ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നരച്ച മുടിയിഴകൾ വീണ്ടും പുറത്തുവരും.
മാത്രമല്ല പല ഹെയർ ഡൈകളിലും കെമിക്കലുകൾ ചേർത്തിട്ടുണ്ട്. തുടർച്ചയായി ഇത്തരം ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ചിലപ്പോൾ മുടിയിഴകൾ മുഴുവൻ നരച്ചുപോയേക്കാം. അങ്ങനെ നോക്കുമ്പോൾ കെമിക്കലുകൾ ഉപയോഗിക്കാതെ, വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നരയെ അകറ്റുന്നതല്ലേ ഏറ്റവും ഗുണകരം? അതിനുള്ള സാധനങ്ങൾ നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. എന്താണെന്നല്ലേ? മഞ്ഞളും, വെളിച്ചെണ്ണയും ആണ്. ഇവ ഉപയോഗിച്ച് മുടി കറുപ്പിക്കാൻ കഴിയും.
തയ്യാറാക്കുന്ന രീതി
ഒരു ഇരുമ്പ് ചട്ടിയിൽ അല്ലെങ്കിൽ ദോശക്കല്ലിൽ രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടി ഇട്ടുകൊടുക്കുക (നരയുടെ വ്യാപ്തിയനുസരിച്ച് അളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യാം). ലോ ഫ്‌ളെയിമിലാക്കി നന്നായി ഇളക്കിക്കൊടുക്കുക. അടിയിൽപ്പിടിക്കരുത്. ബ്രൗൺ നിറമാകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.
വെളിച്ചെണ്ണയ്‌ക്ക് പകരം കറ്റാർവാഴ ചേർത്ത് കൊടുത്താലും കുഴപ്പമില്ല. രാത്രി ഉണ്ടാക്കുന്നതാണ് നല്ലത്. ഒരു രാത്രി മുഴുവൻ ഈ പാക്ക് ഇങ്ങനെ വയ്ക്കുക. രാവിലെ എണ്ണമയം ഒട്ടുമില്ലാത്ത നരയിൽ തേച്ചുകൊടുക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ മികച്ച ഫലം ലഭിക്കും.