പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് കച്ചവടം, പ്രതി അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂർ തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വില്പന നടത്തിയ പശ്ചിമബംഗാൾ മൂർഷിദാബാദ് ഡൊംകാൽ സ്വദേശി ശറഫുൽ ഇസ്ലാം ഷേഖ് (42) പിടിയിൽ. ഇയാളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും തൂക്കാൻ ഉപയോഗിച്ച ത്രാസും 36500 രൂപയും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന പ്രതിയെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്.
ബംഗാളിൽ നിന്ന് ട്രെയിൻ വഴിയെത്തിച്ച് പ്രത്യേകം പൊതികളിലാക്കിയായിരുന്നു വില്പന. ബംഗാളിൽ നിന്ന് കിലോയ്ക്ക് 9000 രൂപയ്ക്ക് വാങ്ങി ഇവിടെ 30000 രൂപയ്ക്കാണ് വിറ്റിരുന്നത്. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ. രാജേഷ്, സബ് ഇൻസ്പെക്ടർ റിൻസ് എം. തോമസ്, എ.എസ്.ഐമാരായ ഷിബു മാത്യു, പി.എ. അബ്ദുൾ മനാഫ്, സീനിയർ സി.പി.ഒമാരായ മനോജ് കുമാർ, കെ.എ. അഫ്സൽ, ബെന്നി ഐസക് , എ.ടി. ജിൻസ് ,സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.