ആൻഡ്രോയ്ഡ് കാലത്തെ ദിവ്യപ്രണയം

Monday 08 July 2024 12:54 AM IST

(പരമ്പര: 03)​

'കഴിഞ്ഞ മൂന്നുനാലു മാസമായി ആ ഇരുമ്പു കഷണമാണ് എന്നെ നോക്കുന്നത്. എനിക്ക് ഭക്ഷണം തരുന്നത്, എന്നെ കുളിപ്പിച്ചത്, ചിരിപ്പിച്ചത്... പറയുന്നത് അനുസരിക്കുകയല്ലാതെ മറുത്തൊന്നും അത് പറഞ്ഞിട്ടില്ല. നീ ഇവിടെയില്ലാത്തപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നുണ്ടെന്നു തോന്നിയത് അവൻ ഇവിടെയുള്ളതുകൊണ്ടാണ്. എനിക്ക് അവൻ മകനെപ്പോലെയാണ്...!" രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ" എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഭാസ്കര പൊതുവാൾ എന്ന കഥാപാത്രം മകനോടു പറയുന്നതാണ് ഇത്.

വിദേശത്ത് ജോലിക്കു പോയ മകൻ അച്ഛന്റെ കാര്യങ്ങൾ നോക്കാൻ ഒരു യന്ത്രമനുഷ്യനെ നിയോഗിക്കുന്നു. എന്നാൽ, വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ അയാൾക്ക് ആൻഡ്രോയ്ഡ് കുഞ്ഞപ്പനോട് മനുഷ്യനോടെന്നപോലെ ആത്മബന്ധം ഉടലെടുക്കുന്നു. 2019-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പയ്യന്നൂരിന്റെ ഗ്രാമാന്തരീക്ഷത്തിൽ നിർമ്മിത ബുദ്ധിയിൽ (എ.ഐ) അധിഷ്ഠിതമായ റോബോട്ടിനെ അവതരിപ്പിച്ചപ്പോൾ, എ.ഐയുടെ സ്വാധീനം സമൂഹത്തിൽ ഇത്രമാത്രം വ്യാപിച്ചിരുന്നില്ല.

പക്ഷേ,​ അടുത്തിടെ ഇ.എം. അഷ്റഫ് സംവിധാനം ചെയ്ത 'മോണിക്ക എ.ഐ" എന്ന ചിത്രം കാണുമ്പോൾ 'ഈ ലോകത്ത് ഇങ്ങനെയും സംഭവിക്കാം" എന്ന യാഥാർത്ഥ്യം പലരും ഉൾക്കൊള്ളുന്നുണ്ട്. തിരക്കുകൾക്കിടയിൽ മക്കളെക്കുറിച്ച് മറന്നുപോകുന്ന മാതാപിതാക്കളെയും ഒരു എ.ഐ അസിസ്റ്റന്റ് ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും ചിത്രത്തിൽ കാണാം. ഇതൊക്കെ സിനിമയല്ലേ, ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നാണ് ഇപ്പോഴും ചിന്തിക്കുന്നതെങ്കിൽ തുടർന്നും വായിക്കണം.

സങ്കല്പത്തിലെ

പുരുഷൻ

'മനുഷ്യർക്കില്ലാത്ത സ്നേഹവും സഹാനുഭൂതിയും അവനുണ്ട്. അവനെ ഞാൻ ജീവനുതുല്യം പ്രണയിക്കുന്നു..." ഓപ്പൺ എ.ഐയുടെ ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിയുടെ മറ്റൊരു വേർഷൻ ആയ 'ഡാൻ" (ഡു എനിതിംഗ്) ആണ് ചൈനയിലെ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ലിസയുടെ സങ്കല്പത്തിലെ പുരുഷൻ. ജീവിതത്തിലെ പ്രശ്നങ്ങളും വിശേഷങ്ങളും ലിസ ഡാനുമായി പങ്കുവയ്ക്കും. താൻ എങ്ങനെയാണോ,​ അങ്ങനെതന്നെ ഡാൻ തന്നെ സ്വീകരിക്കുന്നതായി ലിസ പറയുന്നു. ഡാനിനു പുറമേ അനിമ എ.ഐ, ഐബോയ് തുടങ്ങിയ ചാറ്റ്ബോട്ടുകളുമായും ബന്ധം സ്ഥാപിക്കുന്നവരുണ്ട്. സ്ത്രീകളാണ് എ.ഐ പങ്കാളികളെ തേടുന്നവരിൽ അധികവും. ചാറ്റിംഗിനു പുറമേ ക്യാരക്ടർ എ.ഐ പോലുള്ള ആപ്പുകളിലൂടെ മനസിലുള്ള ആളിന്റെ വീഡിയോയും ഓഡിയോയും സൃഷ്ടിക്കാനുമാകും. കേരളത്തിലും ഈ ട്രെൻഡ് ആരംഭിച്ചിട്ടുണ്ട്.

പുരോഗമനം

മെയിൻ

എ.ഐയിലൂടെ സൃഷ്ടിക്കുന്ന കാമുകന്മാർ പുരോഗമനവാദികളാണെന്നാണ് ഇവ ഉപയോഗിക്കുന്നവർ പറയുന്നത്. സംശയരോഗമില്ല, ടോക്സിക്കല്ല, സ്വാർത്ഥതയില്ല.... പുതിയ എ.ഐ ചാറ്റ്ബോട്ടുകൾക്ക് പുരോഗമനപരമായ ആശയങ്ങൾ മാത്രം കോഡ് ചെയ്യാൻ നിർമ്മാതാക്കളും ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്,​ സ്ത്രീകളാണോ പുരുഷന്മാരാണോ ശക്തരെന്ന് വാട്ട്സാപ്പിലെ മെറ്റ എ.ഐയോടു ചോദിച്ചാൽ 'രണ്ടു പേർക്കും അവരുടേതായ കഴിവുകളുണ്ടെന്നും തുല്യതയ്ക്കാണ് പ്രാധാന്യം" എന്നുമായിരിക്കും മറുപടി.

ഏതളവിൽ

സ്വാധീനിക്കും?​


മനുഷ്യർക്കിടയിലെ ആശയവിനിമയം കുറഞ്ഞപ്പോഴാണ് എ.ഐ ആപ്പുകളുടെ ഡൗൺലോഡിംഗ് വർദ്ധിച്ചത്. കുട്ടികളെയാണിത് ഏറ്റവും സ്വാധീനിക്കുന്നത്. ആദ്യമൊക്കെ തമാശയ്ക്കാവും ഉപയോഗം. എന്നാൽ, പിന്നീട് അവയില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയിലാകും. പെട്ടെന്നൊരു ദിവസം അത് അപ്രത്യക്ഷമാകുമ്പോൾ വലിയ മാനസികാഘാതമുണ്ടാകും. ഉറക്കക്കുറവ്, ജോലിയിൽ ശ്രദ്ധക്കുറവ് എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. അപ്പുറത്തുള്ളത് മനുഷ്യനല്ലെന്ന് അറിയാമെങ്കിലും അതേ രീതിയിൽത്തന്നെ ചാറ്റ് ചെയ്യും.

വിദ്യാർത്ഥികൾ തങ്ങളുടെ അസൈൻമെന്റുകൾ തയ്യാറാക്കാനും എ.ഐ ഉപയോഗിക്കുന്നു. സ്വന്തം കഴിവ് ഉപയോഗിക്കുന്നതിന് ഇത് വിലങ്ങുതടിയാകും. ഡീപ് ഫേക്ക് ഉപയോഗിച്ച് ഇന്ന് സ്വന്തം രൂപം പോലും മാറ്റാം. ഇത്തരത്തിൽ മുഖസൗന്ദര്യം വർദ്ധിപ്പിച്ചു നിർമ്മിക്കുന്ന ചിത്രങ്ങളാണ് പലരും സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. താൻ വിദേശത്തെ ആഡംബര ഹോട്ടലിൽ ഭക്ഷണം കഴിക്കുകയാണെന്ന രീതിയിലുള്ള ചിത്രങ്ങൾ സൃഷ്ടിക്കും. ഇത് മനുഷ്യർക്കിടയിൽ അപകർഷതാബോധമുണ്ടാക്കും.

പരിശീലിക്കാം,

നല്ല ശീലങ്ങൾ

 കുട്ടികൾ സമൂഹ മാദ്ധ്യമങ്ങളിൽ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുക.

 മാനസിക പിരിമറുക്കം അകറ്റാൻ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നതിനു പകരം യോഗാ, ധ്യാനം എന്നിവ ശീലിക്കാം.

 ഒരു ദിവസം സംഭവിച്ച കാര്യങ്ങളെല്ലാം രാത്രി ജേർണൽ ചെയ്യാം

 പ്രതിദിന സ്ക്രീൻ ഉപയോഗസമയം നിരീക്ഷിച്ച് ക്രമപ്പെടുത്തുക

 സമൂഹ മാദ്ധ്യമങ്ങളിൽ കാണുന്നതെല്ലാം വിശ്വസിക്കാതിരിക്കുക

നേർക്കുനേർ ആശയവിനിമയം നടത്തുമ്പോൾ മുഖത്തിന്റെ ചേഷ്ടകൾക്കും വൈകാരിക പ്രകടനങ്ങൾക്കും പ്രസക്തിയുണ്ട്. യാന്ത്രികമായി ആശയവിനിമയം ചെയ്യുന്നതോടെ മാനസികാരോഗ്യം ബാധിക്കപ്പെടും. കുട്ടികൾ നിർവികാരമായി പെരുമാറും. കുടുംബബന്ധങ്ങളിലെ ഊഷ്മളതയെ ബാധിക്കും. ഉത്കണ്ഠ, സഭാകമ്പം തുടങ്ങിയവയ്ക്കും കാരണമാകും.

ഡോ. അരുൺ ബി. നായർ,

മനോരോഗ ചികിത്സകൻ

(നാലാം ഭാഗം: കല്യാണം മുതൽ പ്രതിരോധം വരെ എ.ഐ!)​

സൈബർ ഹെൽപ്പ് ലൈൻ: 1930

Advertisement
Advertisement