ഇനിയും വൈകരുത്, നീറ്റിൽ തീരുമാനം

Monday 08 July 2024 12:58 AM IST

നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്തെ ആറോളം സംസ്ഥാനങ്ങളിൽ ക്രമക്കേടു നടന്നതായി ഇതിനകം തെളിഞ്ഞിട്ടും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മൗനം പാലിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ)​ അലംഭാവമാണ്പരീക്ഷയിലെ ക്രമക്കേടിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. സുപ്രീംകോടതിയിലും രാജ്യത്തെ വിവിധ ഹൈക്കോടതികളിലും ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലനിൽക്കുന്നു.

സി.ബി.ഐ ഇതിനകം കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്തിയ ക്രമക്കേടിന്റെ അടിസ്ഥാനത്തിൽത്തന്നെ പരീക്ഷ റദ്ദാക്കേണ്ടതായിരുന്നു. ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, യു.പി,​ ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെയും, പ്രതിപക്ഷത്തിന്റെയും തുടർപ്രതിഷേധങ്ങളെ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് വിദ്യാർത്ഥികളോടുള്ള തികഞ്ഞ അവഹേളനമാണ്.

23.83 ലക്ഷം വിദ്യാർത്ഥികളാണ് മേയ് അഞ്ചിനു നടന്ന പരീക്ഷ എഴുതിയത്. റിസൾട്ടിനു ശേഷം വിദ്യാർത്ഥികൾ തീർത്തും ആശങ്കയിലാണ്. രണ്ടു വർഷത്തെ തയ്യാറെടുപ്പിനു ശേഷം പരീക്ഷയെഴുതിയ വിദ്യാർഥികൾ തുടർനടപടികൾ എന്താകുമെന്ന കാര്യത്തിൽ തീർത്തും ആകാംക്ഷയിലാണ്. യോഗ്യരല്ലാത്ത ആയിരക്കണക്കിനു പേർ,​ റാങ്ക് ലിസ്റ്റിൽ മുൻനിരയിലെത്തിയവരുടെ നീറ്റ് മാർക്കും റാങ്കും തമ്മിൽ വൻ അന്തരത്തിന് ഇടവരുത്തിയീട്ടുണ്ട്. നീറ്റ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികളുടെ അറസ്റ്റ് തുടരുമ്പോഴും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനാസ്ഥ നീറ്റ് അധിഷ്ഠിത കോഴ്സുകളുടെ പ്രവേശനം അവതാളത്തിലാക്കിയിരിക്കുന്നു.

ഒമ്പതു ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ യു.ജി.സി നെറ്റ് പരീക്ഷ ഇതിനകം റദാക്കിയിട്ടുണ്ട്. 11 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ അപേക്ഷിച്ചിരുന്നെങ്കിലും 82 ശതമാനം പേരാണ് പരീക്ഷയെഴുതിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി തന്നെയാണ് ആ പരീക്ഷയും നടത്തിയത്. ബീഹാറിലാണ് ചോദ്യപേപ്പറുകൾ ചോർന്നത്. കോച്ചിംഗ് കേന്ദ്രങ്ങൾക്ക് ഇതിൽ വ്യാപകമായ പങ്കുണ്ടെന്ന് ആരോപണമുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ നിയമനം, ഡോക്ടറൽ പ്രവേശനം, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവയ്ക്ക് നെറ്റ് യോഗ്യത നിർബന്ധമാണ്. അടുത്തിടെ എല്ലാ സർവകലാശാലകളും പിഎച്ച്.ഡി പ്രവേശനത്തിനും നെറ്റ് യോഗ്യതയാക്കിയിരുന്നു. പ്ലസ്ടു പൂർത്തിയാക്കിയ 23.83 ലക്ഷം വിദ്യാർത്ഥികളെ നീറ്റ് പരീക്ഷാ ക്രമക്കേടിലൂടെ അനിശ്ചിതാവസ്ഥയിലാക്കിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ റദാക്കിയതോടെ ഒമ്പതു ലക്ഷത്തിലധികം വിദ്യാർത്ഥികളെ വീണ്ടും പരീക്ഷയെഴുതാൻ നിർബന്ധിതരാക്കുന്നത്.

നീറ്റ് യു,ജി- 24, നെറ്റ് പരീക്ഷകളിൽ സുതാര്യത നിലനിറുത്തുന്നതിൽ എൻ.ടി.എ ദയനീയമായി പരാജയപ്പെട്ടു എന്നതിൽ ഭിന്നാഭിപ്രായങ്ങളില്ല. പരീക്ഷയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ക്രമക്കേടുകൾ എൻ.ടി.എയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്തുവരുന്നു. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുല്യനീതി ലഭിക്കുവാനുള്ള നടപടികളാണ് ആവശ്യം. ഇതിനായി പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ തയ്യാറാവുകയാണ് വേണ്ടത്. എൻ.ടി.എ സംവിധാനം ഒഴിവാക്കി, പരീക്ഷാ നടത്തിപ്പ് മറ്റൊരു ദേശീയ ഏജൻസിക്കോ സംസ്ഥാന പ്രവേശന പരീക്ഷാ നടത്തിപ്പുകാർക്കോ വികേന്ദ്രീകൃത അടിസ്ഥാനത്തിൽ നല്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസിനെ ചുമതലയേൽപ്പിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.

(ബംഗളൂരുവിലെ ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് & ടെക്നോളജിയിൽ പ്രൊഫസർ ആണ് ലേഖകൻ)

Advertisement
Advertisement