കണ്ടകശനിയും കൂടോത്ര മാഹാത്മ്യവും!

Monday 08 July 2024 12:06 AM IST

കണ്ടകശനി കൊണ്ടേ പോകൂ! 'നെറികെട്ട രാഷ്ട്രീയത്തിന്റെ ഇൻകുബേറ്ററിൽ വിരിയിച്ചെടുക്കുന്ന ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകൂ" എന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി സഖാവിന്റെ മുഖത്തു നോക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ശാപവാക്ക്. വിഷയം കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിൽ കൊണ്ടുപോയി എസ്.എഫ്.ഐക്കാർ കെ.എസ്.യു നേതാവിനെ തല്ലിച്ചതച്ചെന്ന ആരോപണം. ഗുണ്ടാപ്പട ആരെന്നു വ്യക്തം.നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ അതേ വിശേഷണം.

മാസങ്ങൾക്കു മുമ്പ് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാ‌ത്ഥി സിദ്ധാർത്ഥൻ കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കിയത് എസ്.എഫ്.ഐക്കാർ ഇടിമുറിയിൽ കയറ്റി ഭേദ്യം ചെയ്തതിനെ തുടർന്നാണെന്ന ആരോപണം ജനരോഷമുയർത്തിയതാണ്. അതിന്റെയും കൂടി 'ഗുണഫല"മാണ് ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് പ്രതിപക്ഷം. എന്തായാലും അതിനുശേഷം ഇടിമുറികളെപ്പറ്റി കേൾക്കാറില്ലായിരുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം പാർട്ടി നേതാക്കൾ ഇടപെട്ട് കുട്ടിസഖാക്കളെ മാനസാന്തരപ്പെടുത്തിയെന്നും, കോളേജ് ക്യാമ്പസുകളിലെ ഇടിമുറികൾ ശുദ്ധീകരിച്ച് വായനാമുറികളാക്കിയിരിക്കാം എന്നുമാണ് ശുദ്ധാത്മാക്കൾ കരുതിയത്!

ഇപ്പോഴും ഇടിമുറികളോ എന്നാണ് അവരുടെ സംശയം. 'അവർ കുട്ടികളല്ലേ.... ചില തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അവർ തന്നെ തിരുത്തിക്കൊള്ളു"മെന്നു പറഞ്ഞ് കൈകഴുകുകയാണ് എസ്.എഫ്.ഐയിൽ പിച്ചവച്ച് നേതാക്കളായി വളർന്ന എ.കെ. ബാലനും എം.വി. ഗോവിന്ദനും. അപ്പോൾ തിരുത്തലില്ലേ എന്നു ചോദിച്ചാൽ 'കുട്ടികൾക്ക് തിരിച്ചറിവു വരട്ടെ,​ അതിനിനി രണ്ടുകൊല്ലം കൂടി (നിയമസഭാ തിരഞ്ഞെടുപ്പ് ) കാത്തിരിക്കൂ" എന്ന് ഉത്തരം.

എസ്.എഫ്.ഐയെ നന്നാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സഖാവിന് പഴയ കലിപ്പ് ഇനിയും മാറിയിട്ടില്ലത്രെ. ഇപ്പോഴത്തെ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷ സംസ്കാരം അറിയില്ലെന്നാണ് സഖാവിന്റെ നിഗമനം. എസ്.എഫ്.ഐയെ പഠിപ്പിക്കാൻ ബിനോയ് വിശ്വം വരേണ്ടെന്നാണ് അതിന് നേതാക്കളുടെ മറുപടി. ബിനോയ് വിശ്വത്തെ എസ്.എഫ്.ഐക്കാർ പഠിപ്പിക്കേണ്ടന്ന് എ.ഐ.എസ്.എഫുകാരും. ആരും പഠിപ്പിച്ചില്ലെങ്കിൽ ജനം പഠിപ്പിക്കുമെന്ന് അനുഭവം!

 

'ഞാൻ മഹാരാജാവല്ല,​ ജനങ്ങളുടെ ദാസനാണ്. ജനങ്ങൾക്കു വേണ്ടി എന്തും ചെയ്യും!" നിയമസഭയിൽ പിണറായി സഖാവിന്റെ പ്രഖ്യാപനം. നവകേരള ബസിൽ യാത്ര ചെയ്തപ്പോൾ മഹാരാജാവാണെന്നായിരുന്നു ഭാവമെന്ന വി.ഡി. സതീശന്റെ പരിഹാസത്തിന് മറുപടി. അതേസമയം, നവകേരള ബസിനു നേരേ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ ഡി.വൈ.എഫ്.ഐക്കാരും പൊലീസും ഗൺമാന്മാരും ചേർന്ന് ഹെൽമെറ്റും കല്ലുംകൊണ്ട് വഴിനീളെ 'സത്ക്കരിച്ചെന്ന" ആക്ഷേപം വിശ്വസിക്കാൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സഖാവിന് കഴിയുന്നില്ല.

സത്യത്തിൽ അതൊന്നും നേരിട്ടു കണ്ടില്ല,​ അത്രതന്നെ. 'ബസിനു മുന്നിൽ കുറെ ചെറുപ്പക്കാർ ചാടിവീഴുകയായിരുന്നില്ലേ? അവരുടെ ജീവൻ രക്ഷിക്കാൻ ഡി.വൈ.എഫ്.ഐക്കാർ ശ്രമിച്ചത് രക്ഷാ പ്രവർത്തനമല്ലെങ്കിൽ മറ്റെന്താണ്?എന്റെ കണ്ണിൽ കണ്ടതല്ലേ എനിക്കു പറയാനാവൂ. പിന്നീട് അവിടെ എന്തു നടന്നുവെന്ന് ഞാൻ കാണുന്നില്ലല്ലോ!" ബസ് പോയതിനു ശേഷമുള്ള ചവിട്ടിക്കൂട്ടൽ പത്രങ്ങളിലും ചാനലുകളിലും വന്നില്ലേയെന്ന് ചോദിക്കാം. അതൊക്കെ എങ്ങനെ കണ്ണടച്ചു വിശ്വസിക്കും? അതു ചിലപ്പോൾ മാദ്ധ്യമ സിൻഡിക്കേറ്റ് ഒപ്പിച്ച പണിയാവില്ലെന്ന് ആരു കണ്ടു?​

വിശേഷിച്ച്, മരിച്ചവർ ജീവനോടെ നിന്ന് സംസാരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) കാലത്ത്. അല്ലെങ്കിൽത്തന്നെ, ചാനലുകളിലെ 'കോപ്രായങ്ങൾ" കാണുന്ന ശീലം സഖാവിന് പണ്ടേയില്ല. വീട്ടിലുമതേ,​ ഓഫീസിലുമതേ. വേണ്ടാതീനങ്ങൾ കണ്ട്,​ ഉള്ള സ്വസ്ഥത കൂടി കളയണോ?നേരറിയാനും നേരത്തേ അറിയാനും സ്വന്തം പാർട്ടി പത്രവും ചാനലുമില്ലേ?​ അതിലൊന്നും കണ്ടില്ലല്ലോ. അതു മാത്രമാണ് നേര്. മറ്റെല്ലാം നുണ. അപ്പോൾ പാർട്ടിയിലും സർക്കാരിലും നടത്തുമെന്നു പറയുന്ന തെറ്റു തിരുത്തൽ ഇനിയെന്ന് ?തെറ്റുണ്ടായിട്ടു വേണ്ടേ തിരുത്താൻ. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്,​ ദാസാ!

 

ഉയിരു പോകാതിരുന്നത് ഭാഗ്യം! തന്നെ ഇല്ലാതാക്കാൻ കണ്ണൂർ നടാലിലെ വീട്ടിൽ ആരോ കുഴിച്ചിട്ട കൂടോത്രം ഒന്നര വർഷം മുമ്പ് കണ്ടതിന്റെ ഞെട്ടലിൽ നിന്ന് കുമ്പക്കുടി സുധാകരൻ ഇനിയും പൂർണമുക്തനായിട്ടില്ല. പണ്ട് എതിരാളികളുടെ ബോംബേറും വടിവാൾ പ്രയോഗവും പോലും കൂസാതെ കട്ടയ്ക്കു നിന്ന് പയറ്റിയതാണ്. കുറെ നാളായി ഉടലിന് അത്ര സുഖം പോരാ. നാക്കുപിഴകൾ ഏറുന്നു. കെ.പി.സിസി പ്രസിഡന്റിന്റെ കസേരയ്ക്കും ഇളക്കം തട്ടുമോയെന്ന ഭീതി.

വേവലാതി മണത്തറിഞ്ഞ രാജ്മോഹൻ ഉണ്ണിത്താനാണ് ആ സംശയം പ്രകടിപ്പിച്ചത്- വീട്ടുപറമ്പിൽ

ആരെങ്കിലും കൂടോത്രം കുഴിച്ചിട്ടിട്ടുണ്ടാവും. ഉണ്ണിത്താൻ കടുപ്പിച്ചു പറഞ്ഞപ്പോൾ ഒന്നു നോക്കിക്കളയാമെന്നായി. പറഞ്ഞ ദിവസം മന്ത്രവാദിയുമായി ഉണ്ണിത്താൻ ഹാജർ. മന്ത്രവാദി പറഞ്ഞ സ്ഥലത്ത് കുഴിച്ചു നോക്കി. അതാ കൂടോത്രം! ആദ്യം തകിടിലുള്ള വീടിന്റെ രൂപം. പിന്നെ കാലിന്റെ രൂപം. കുറച്ചുനാളായി കാലിന് ബലക്കുറവുണ്ടല്ലോ. വീണ്ടും കുഴിച്ചു. അതാ വരുന്നു തലയുടെ രൂപം. തലയ്ക്ക് ഭാരം കൂടുന്നതു പോലെ തോന്നാറുള്ളതും വെറുതേയല്ലെന്ന് സുധാകരൻ.

തനിക്ക് കൂടോത്രത്തിൽ വലിയ വിശ്വാസമാണെന്നും, തന്റെ വീടിന്റെ മുറ്റത്തു നിന്ന് കുടോത്രം കണ്ടെത്തിയെന്നുമുള്ള ഉണ്ണിത്താന്റെ സാക്ഷ്യപ്പെടുത്തലും അന്നത്തെ വീഡിയോയിൽ കാണാം. ഉണ്ണിത്താൻ പറഞ്ഞിടത്തൊക്കെ പിന്നീട് കുഴിച്ചുനോക്കി. തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫീസിൽ പ്രസിഡന്റിന്റെ ഇരിപ്പിടത്തിനു താഴെയും, പേട്ടയിലെ വീടിന്റെ അടുക്കള ഭാഗത്തും, ഡൽഹിയിലെ

ഫ്ലാറ്റിലും വരെ തകിടുകൾ!

കണ്ണൂരിലെ വീട്ടിൽ മാത്രമായിരുന്നു കൂടോത്രമെങ്കിൽ സഖാക്കന്മാരെ സംശയിക്കാം. അവർക്ക് കടക്കാനാകാത്ത സ്ഥലങ്ങളിലും കണ്ടല്ലോ. അപ്പോൾ, കോൺഗ്രസുകാരുടെ പണിയാണ്. ഇതിലൂടെയൊന്നും തന്നെ അപായപ്പടുത്താൻ കഴിയില്ലെന്ന് കുമ്പക്കുടി. ഇതൊക്കെ വെറും അന്ധവിശ്വാസമാണെന്നും, കോൺഗ്രസിലെ രണ്ട് എം.പിമാർ ഇതു പ്രചരിപ്പിക്കുന്നത് പാർട്ടിക്ക് നാണക്കേടാണെന്നും ചില നേതാക്കളുടെ പരിഹാസം. അവർക്ക് ചിരിക്കാം. അനുഭവിക്കുന്നത് തങ്ങളല്ലേ?

കഥ തീർന്നില്ല. ആദർശധീരനെന്നു പേരുകേട്ട മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ തിരുവനന്തപുരം ഗൗരീശപട്ടത്തെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെടുത്തത് എട്ടു തവണയാണത്രെ. അവിടെയും കൂടോത്രം കണ്ടെടുക്കാൻ കാരണക്കാരനായതും സാക്ഷിയായതും അതേ ഉണ്ണിത്താൻ! അപ്പോൾ കള്ളൻ കപ്പലിൽത്തന്നെ!

നുറുങ്ങ്-

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഗൗരവത്തോടെ പറയുന്നതും തമാശയായേ തോന്നാറുള്ളൂവെന്ന് പാർട്ടി ജില്ലാ കമ്മിറ്റികളിൽ അഭിപ്രായം.

 സദാ മുഖം വീർപ്പിച്ചു നടക്കുന്ന നേതാക്കൾക്കിടയിൽ ഒരു തമാശക്കാരനെ കിട്ടിയതു പോരേ!

(വിദുരരുടെ ഫോൺ-99461 08221)

Advertisement
Advertisement