ചികിത്സാപ്പിഴവിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി മരിച്ചു

Monday 08 July 2024 1:12 AM IST

ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചത് ചികിത്സാപ്പിഴവിനെ തുടർന്നെന്ന് പരാതി. കുളത്തൂർ കിഴക്കുംകര ജി.എസ് നിവാസിൽ ഗിരിജകുമാരിയുടെ (64) മരണത്തെതുടർന്നാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്.
നെഞ്ചുവേദനയുമായാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ഗിരിജാകുമാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇ.സി.ജി പരിശോധനയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് പതിനാലാം വാർഡിൽ അഡ്മിറ്റ് ചെയ്തു. രാത്രിയോടെ നെഞ്ചുവേദന കലശലായതിനെ തുടർന്ന് അടിയന്തരമായി രക്‌തപരിശോധന നടത്താൻ ഡോക്ടർ നിർദ്ദേശിച്ചു.എന്നാൽ സാമ്പിളെടുത്ത് നൽകാൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർ തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു.

സാമ്പിൾ എടുക്കേണ്ടത് എ.സി.ആർ ലാബിലെ ടെക്‌നീഷ്യൻമാരാണെന്നും അവരെ അറിയിക്കാനുമായിരുന്നു നിർദ്ദേശം.അതനുസരിച്ച് എ.സി.ആർ ലാബിൽ എത്തിയെങ്കിലും രക്തസാമ്പിൾ എടുക്കാൻ ലാബ് അധികൃതരും തയ്യാറായില്ലെന്ന ഗുരുതര ആരോപണമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.പതിനെട്ട്പടി കയറിച്ചെന്ന് രക്തസാമ്പിൾ എടുക്കാനാകില്ലെന്നും രക്തം വാർഡിൽ ഡ്യൂട്ടിയിലുള്ള നഴ്സുമാരെ കൊണ്ടെടുപ്പിച്ച് നൽകിയാൽ പരിശോധിക്കാമെന്ന മറുപടിയാണ് എ.സി.ആർ ലാബ് ജീവനക്കാർ നൽകിയതെന്നുമാണ് ആരോപണം.

ഇതോടെ രോഗിയുടെ ആരോഗ്യനില മനസിലാക്കാൻ മണിക്കൂറുകൾ മനഃപൂർവം വൈകിപ്പിച്ചുവെന്നാണ് പരാതി. പുലർച്ചയോടെ രക്തപരിശോധന റിസൾട്ട് നോക്കാനായി ഡോക്ടർ എത്തിയപ്പോഴാണ് സാമ്പിളെടുത്തില്ലെന്ന വിവരം അറിഞ്ഞത്. ഡോക്ടർ കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ജീവനക്കാർ രക്തം ശേഖരിച്ചുനൽകിയത്.

എന്നാൽ പുലർച്ചെ 5ഓടെ നെഞ്ചുവേദന ശക്തമായതിനെ തുടർന്ന് ഗിരിജാകുമാരിയെ മൾട്ടിസ്‌പെഷ്യാലിറ്റി ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും 5.30ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം രാവിലെ ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ടോടെ കുളത്തൂർ കോലത്തുകര ശ്മശാനത്തിൽ സംസ്‌കരിച്ചു. പിന്നീടാണ് രോഗികളുടെ ബന്ധുക്കൾ ചികിത്സാപ്പിഴവെന്ന ആരോപണവുമായി രംഗത്തുവന്നത്. ബി.സത്യദാസനാണ് ഭർത്താവ്.മക്കൾ: സൈജു,സ്തുതി,പരേതനായ ലൈജു.മരുമക്കൾ: രജിത,സനൽ.സഞ്ചയനം 10ന് രാവിലെ 8.30ന്

എ.സി.ആർ ലാബിനെതിരെ

പരാതികൾ നിരവധി

കെ.എച്ച്.ആർ.ഡബ്ലിയു.എസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എ.സി.ആർ ലാബിൽ നിന്ന് വിവിധ വാർഡുകൾ,അത്യാഹിത വിഭാഗം,തീവ്ര പരിചരണ വിഭാഗം ഉൾപ്പെടെ ചികിത്സയിലുള്ള രോഗികളുടെ രക്ത സാമ്പിളുകൾ ശേഖരിക്കാൻ പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.എന്നാൽ ലാബിന്റെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാൻ സാധിക്കാത്തതാണ് പ്രശ്നം രൂക്ഷമാകുന്നത്.ചീഫ് സയന്റിഫിക് ഓഫീസറുടെ പരിചയക്കുറവും, ചീഫ് ലാബ് ടെക്‌നീഷ്യനെ ജീവനക്കാർ അനുസരിക്കാത്തതും പ്രവർത്തനത്തെ തകിടം മറിക്കുന്നതായി ആക്ഷേപമുണ്ട്. ഇതിന് പുറമെ രോഗികളുടെ പരിശോധന ഫലം മാറി നൽകുക,യഥാസമയം റീഏജന്റുകൾ ഉപയോഗിക്കാത്തതിനെ തുടർന്ന് പാഴായി പോകുന്നു തുടങ്ങിയ പരാതികളുമുണ്ട്. ഇന്റേണൽ ഓഡിറ്റിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ മൂടിവച്ചിരിക്കുന്നതും തന്നിഷ്‌ടത്തിന് പ്രവൃത്തിക്കാൻ ജീവനക്കാർക്ക് ആത്മവിശ്വാസം നൽകുന്നതായും ആക്ഷേപമുണ്ട്.

Advertisement
Advertisement