ആർ.സി.സിയിലെ സൈബർ ആക്രമണം : ഉറവിടം വ്യക്തമായിട്ടില്ലെന്ന് സൈബർ പൊലീസ്

Monday 08 July 2024 1:20 AM IST

ചില റഷ്യൻ ഹാക്കർമാരെ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിലെ (ആർ.സി.സി) സെർവറിനു നേരെയുണ്ടായ സൈബർ ആക്രമണം യുക്രെയിനിൽ നിന്നാണെന്നുള്ള പ്രചാരണം ശരിയല്ലെന്നും ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും സൈബർ പൊലീസ് സംഘം വ്യക്തമാക്കി. അടുത്തിടെ ഡൽഹിയിൽ ഉൾപ്പെടെ രജിസ്റ്റർ ചെയ്ത കേസുകൾ യുക്രെയിനിൽ നിന്നായിരുന്നു അതിന്റെ പശ്ചാത്തലത്തിൽ ഇതും അവിടെ നിന്നാകാമെന്ന സംശയങ്ങൾ മാത്രമാണ് ഉയർന്നത്. എന്നാൽ അത് യുക്രെയിനല്ലെന്ന് വ്യകത്മായെന്നും സംഘം പറഞ്ഞു. അതേസമയം ചില റഷ്യൻ ഹാക്കർമാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം.

ഏപ്രിൽ 28ന് നടന്ന ആക്രമണത്തിൽ ആശുപത്രിയിലെ റേഡിയേഷൻ ചികിത്സ ഒരാഴ്ചയോളം മുടങ്ങി. മറ്റു വിഭാഗങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു. ആക്രമണത്തിന് പിന്നാലെ 100 മില്യൺ ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ട് ആശുപത്രിയിലേക്ക് സന്ദേശവും ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണമാണ് റഷ്യൻ ഹാക്കർമാരിലേക്ക് എത്തിയത്.

ആർ.സി.സിയിലെ സൈബർ ആക്രമണം കേരളകൗമുദിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ആശുപത്രിയുടെ നെറ്റ്‌വർക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും കണ്ടെത്തി. ആർ.സി.സിയുടെ സെർവറുകളിലേക്ക് പ്രവേശിക്കുന്നതിന് നെറ്റ്‌വർക്ക് സുരക്ഷയിൽ പ്രധാനമായ ഫയർവാളിലെ തകരാറുകളാണ് ഹാക്കർമാർ അവസരമാക്കിയത്.

Advertisement
Advertisement