സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു,​ പാർട്ടിയിലേക്ക് വരുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടെന്ന് എം വി ഗോവിന്ദൻ

Sunday 07 July 2024 11:23 PM IST

തിരുവനന്തപുരം : പാർട്ടിയിലെ അനഭിലഷണീയ പ്രവണതകൾക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സഖാക്കൾക്ക് പണത്തോടുള്ള ആർത്തി കൂടുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താഴേത്തട്ടിൽ നിന്നും പാർട്ടിക്ക് തന്ന കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ചയാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് പാർട്ടി സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിൽ ആണ് വിമർശനം.

താഴേത്തട്ടിലുള്ള യാഥാർത്ഥ്യം മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ക്ഷേത്രങ്ങളിൽ നിന്ന് വിട്ടു നിൽക്കരുതെന്നും എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചു.

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുത്. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ഇടപെടണം. വിശ്വാസികളെയും കൂടെ നിറുത്തണമെന്നും ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

മരണവും വിവാഹവും ഉൾപ്പെടെ പ്രദേശത്തെ പ്രധാന വിഷയങ്ങളിൽ പാർട്ടി അംഗങ്ങൾ സജീവമായി സജീവമായി നിൽക്കണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.