ഗുജറാത്തിൽ കെട്ടിടം തകർന്നുവീണ് 7 മരണം

Monday 08 July 2024 12:47 AM IST

സൂറത്ത്: ഗുജറാത്തിൽ കനത്ത മഴയെത്തു‌ടർന്ന് ആറ് നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 7 ആയി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലായിരുന്നു അപകടം. പരിക്കേറ്റ 15 പേർ ചികിത്സയിലാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു സ്ത്രീയെ ജീവനോടെ പുറത്തെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌തു. കെട്ടിടത്തിന്റെ ഉടമകൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

2017ൽ പണിത അപ്പാർട്ട്‌മെന്റ് കെട്ടിടം കനത്ത മഴയിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കെട്ടിടം പുതുക്കുന്നതു സംബന്ധിച്ച് കോർപ്പറേഷൻ ഈ വർഷം ആദ്യം നോട്ടീസ് നൽകിയിരുന്നു. എന്നാൽ അറ്റകുറ്റപ്പണി നടത്തിയില്ല. ടെക്സ്‌റ്റൈൽ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഇവിടെ താമസിച്ചിരുന്നത്. 15 മണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനം പൂർത്തിയായി.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വിശദമായ അന്വേഷണം നടക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജാർഖണ്ഡിലും

ഗുജറാത്തിന് പിന്നാലെ ജാർഖണ്ഡിലും കെട്ടിടം തകർന്നു. ദേഗാർ നഗരത്തിലാണ് ബഹുനില കെട്ടിടം തകർന്നു വീണത്. ഏഴോളം പേർ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.

രണ്ട് കുട്ടികളുൾപ്പെടെ അഞ്ച് പേരെ രക്ഷിച്ചു. കെട്ടിടം തകരാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

Advertisement
Advertisement