തിരക്കിനിടെ ചിലർ വിഷ പ്രയോഗം നടത്തി, ഹാഥ്റസ് ദുരന്തം ആസൂത്രിതമെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ
ലക്നൗ: ഹഥ്റാസിൽ സത്സംഗിനിടെ തിക്കിലും തിരക്കിലും 121 പേർ മരിക്കാനിടയായ സംഭവം ആസൂത്രിതമെന്ന് ആരോപണം. 10-15 പേരടങ്ങുന്ന സംഘം വിഷം തളിച്ചെന്നും ഇതാണ് പെട്ടെന്ന് തിക്കും തിരക്കുമുണ്ടാകാൻ കാരണമെന്നും ആൾദൈവം ഭോലെ ബാബയുടെ അഭിഭാഷകൻ പറഞ്ഞു.
ഹൃദയഭേദകമായ സംഭവമാണ് നടന്നത്. 10-15 പേർ വരുന്ന സംഘമാണ് പിന്നിൽ. അവർ അനുമതി വാങ്ങി പങ്കെടുത്തു. തിരക്കിനിടെ ചില അജ്ഞാത വാഹനങ്ങൾ ഉണ്ടായിരുന്നു. 12ഓളം പേർ വിഷം തളിച്ചു. സ്ത്രീകളുൾപ്പെടെ വീണു. പലരും ശ്വാസതടസം മൂലം മരിച്ചെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
തിരക്കിനിടെ പ്രതികൾ രക്ഷപ്പെട്ടു. അന്വേഷണം നടന്നുവരികയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വാഹനങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നും അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു. എന്നാൽ 80,000 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നിടത്ത് രണ്ടര ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. ഇതിനിടെ ഭോലെ ബാബയുടെ കാൽപാദം പതിഞ്ഞ മണ്ണ് ശേഖരിക്കാൻ ആളുകൾ കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
മുഖ്യപ്രതിയായ ദേവപ്രകാശ് മധുകർ കഴിഞ്ഞയാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നിൽ കീഴടങ്ങിയിരുന്നു. തുടർന്ന് കോടതി 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. അതിനിടെ ഭോലെ ബാബയ്ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.
ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തി. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.