മോദി- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ത്യക്കാരുടെ മോചനവും ചർച്ചയാകും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും.
ഊർജ്ജ മേഖലയിലെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് റഷ്യ. റഷ്യൻ ക്രൂഡ് ഓയിൽ വൻതോതിൽ ഇന്ത്യ വാങ്ങുന്നു.
യുക്രെയിൻ സംഘർഷവും, റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്‌ത ഇന്ത്യക്കാരുടെ മോചനവും ചർച്ചയാകും. നാളെ റഷ്യയിലെ ഇന്ത്യൻ സമൂഹവുമായി മോദി ആശയവിനിമയം നടത്തും. ക്രെംലിനിലെ സൈനിക സ്‌മാരകത്തിൽ റീത്ത് സമർപ്പിക്കും. മോസ്കോയിലെ റോസാടോം പവലിയനിലെ എക്‌സിബിഷൻ മേഖല സന്ദർശിക്കും. 2021 ഡിസംബറിൽ ന്യൂഡൽഹിയിലാണ് ഒടുവിൽ മോദിയും പുട്ടിനും കൂടിക്കാഴ്ച നടത്തിയത്.
മോദി നാളെ വൈകിട്ട് ഓസ്ട്രിയയിലേക്ക്
രണ്ടു ദിവസത്തെ സന്ദർശനത്തിന് മോദി നാളെ വൈകീട്ട് ഓസ്ട്രിയയിലെത്തും. 41 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. ചാൻസലർ കാറൽ നീഹമ്മറുമായി കൂടിക്കാഴ്ച നടത്തും. ബിസിനസ് പ്രമുഖരെയും കാണും. വിയന്നയിൽ ഇന്ത്യൻ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.