ആദ്യം സുരക്ഷ, പിന്നെ മതി പരിശോധന
മോട്ടോർ വാഹന വകുപ്പ്, നിരത്തുകളിലെ വാഹന പരിശോധന വീണ്ടും കർശനമാക്കിയെന്ന വാർത്ത ശുഭകരം തന്നെ. വളരെ നല്ല കാര്യം. നിയമങ്ങൾ പാലിക്കാത്തവർക്ക് തക്കതായ ശിക്ഷ നൽകണമെന്നതിൽ അഭിപ്രായവ്യത്യാസവുമില്ല. വഴിനീളെ നിന്നും, വളവുകളിൽ പതുങ്ങിയിരുന്നും പൊലീസ് പിടിക്കുന്ന കേസുകൾ പോരാഞ്ഞിട്ടാണ് നമ്മൾ പ്രധാന പാതകളിലെല്ലാം എ.ഐ ക്യാമറകൾ വച്ച് അതുവഴിയുള്ള പിടിച്ചുപറിയും ഏർപ്പെടുത്തിയത്! നിയമലംഘകരെ പിടിക്കുന്നതും, പിഴ ചുമത്തി പാഠം പഠിപ്പിക്കുന്നതും, അതുവഴി ഖജനാവിലേക്ക് പത്തു കാശ് വരുന്നതുമൊക്കെ നല്ലത്. പക്ഷേ, അതിനു മുമ്പ് നമ്മുടെ എല്ലാ റോഡുകളും സഞ്ചാര യോഗ്യവും സുരക്ഷിതവും ആണോയെന്ന് വിലയിരുത്തേണ്ടതും അത്യാവശ്യമല്ലേ?
മിക്കവാറും എല്ലാ പഞ്ചായത്ത് റോഡുകളും 'കുളമായി"ക്കിടക്കുന്നു. പ്രതികരിച്ചാലും പ്രതിഷേധിച്ചാലും അധികൃതർക്ക് മിണ്ടാട്ടമില്ല. റോഡിൽ ജനം വാഴവച്ചാലും വള്ളമിറക്കിയാലും ചൂണ്ടയിട്ടാലുമൊന്നും ഏമാന്മാർക്ക് നാണക്കേടുമില്ല. പല റോഡുകളിലും വലിയ ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അപായ മുന്നറിയിപ്പുകൾ മിക്ക സ്ഥലത്തും ഇല്ലാത്തതു കാരണം ദാരുണമായ പല അപകടങ്ങളും നിത്യേനയെന്നോണം സംഭവിക്കുന്നു. പ്രത്യേകിച്ച്, ഇരുചക്രവാഹന യാത്രക്കാർക്ക്.
ഈയിടെ ഒരു ഓട്ടോറിക്ഷ മറ്റൊരു ഓട്ടോയിൽ അശാസ്ത്രീയമായി കെട്ടിവലിച്ച് റോഡിലൂടെ ഓടിച്ചുകൊണ്ടുപോയതു കാരണം അതിൽ ബൈക്ക് കുരുങ്ങിയുണ്ടായ അപകടത്തിൽ ഒരമ്മയ്ക്ക് ഏക മകനെയാണ് നഷ്ടപ്പെട്ടത്. ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണന്നും, കടുത്ത ശിക്ഷ ലഭിക്കുമെന്നുമുള്ള ബോദ്ധ്യപ്പെടുത്തൽ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നെങ്കിൽ ഇതുപോലുള്ള ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു.
തിരുവന്തപുരത്ത്, കഴക്കൂട്ടം ബൈപാസിലെ ഫ്ളൈഓവർ വൺവേ ആയതുകൊണ്ടുതന്നെ വാഹനങ്ങൾ നല്ല വേഗതയിൽ പോകുന്നുണ്ട്. പക്ഷേ അവിടെ പല സ്ഥലത്തും പരമാവധി വേഗം 50 കി.മീ എന്നാണ് കാണിച്ചിരിക്കുന്നത്. ഇങ്ങനെ പല സ്ഥലത്തും റോഡ് സുരക്ഷാ ക്രമീകരണങ്ങൾ പലവിധത്തിലായതുകൊണ്ടും, അപകട സൂചനാ മുന്നറിയിപ്പുകൾ ഇല്ലാത്തതുകൊണ്ടും എത്രയോ പേർ അപകടത്തിൽപ്പെട്ട് ഇരകളായി. ജനങ്ങൾക്കെല്ലാം ഇത്തരം പരാതികളുണ്ട്, പ്രതിഷേധമുണ്ട്, അമർഷമുണ്ട്. എല്ലാവർക്കും പരാതി പറയാനുള്ള അവകാശമുണ്ട്. പക്ഷേ, ആരോടു പറയാനാണ്, പറഞ്ഞിട്ട് എന്തു പ്രയോജനമാണ് എന്ന നിലപാട് ഉള്ളിൽ സൂക്ഷിച്ച് നിശബ്ദത പാലിക്കുകയാണ് മിക്കവരും. അതുകൊണ്ട്, ആദ്യം സുരക്ഷ. അതു കഴിഞു മതി വാഹന പരിശോധനയിലൂടെയുള്ള ധനാഗമ മാർഗം. ഈയുള്ളവനും ചോദിക്കുന്നു: ആരോടു പറയാൻ? പറഞ്ഞിട്ടെന്തു കാര്യം...