ആനയൂട്ടിന് ഒരുങ്ങി വടക്കുന്നാഥൻ

Monday 08 July 2024 2:23 AM IST

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കടകം ഒന്നിന് നടത്തുന്ന മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കമാരംഭിച്ചു. 16ന് രാവിലെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ഹോമം. 60 ഓളം പരോഹിതന്മാർ സഹകാർമ്മികത്വം വഹിക്കും. ഗണപതി ഹോമത്തിന് 12,008 നാളികേരം, 2,000 കിലോഗ്രാം അവിൽ, 2,000 കിലോഗ്രാം ശർക്കര, 350 കിലോ മലർ, 60 കിലോ എള്ള്, 50 കിലോ തേൻ, കരിമ്പ്, ഗണപതി നാരങ്ങ എന്നീ ദ്രവ്യങ്ങളാണ് ഉപയോഗിക്കുക. മുന്തിരി, കൽക്കണ്ടം, ചുക്ക് പൊടി, ജീരകപൊടി മുതലായവയുമുണ്ടാകും. രാവിലെ 9.30 ന് ആനയൂട്ട് ആരംഭിക്കും. 70 ഓളം ആനകൾ പങ്കെടുക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലെ ആനകളെത്തും.

15 ഓളം പിടി ആനകളും

ഈ വർഷം ആദ്യമായി 15 ഓളം പിടി ആനകൾ പങ്കെടുക്കും. ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ചെറിയ ആനയ്ക്ക് ആദ്യ ഉരുള നൽകും. ആനയൂട്ടിന് 500 കിലോ അരിയുടെ ചോറ് ഉരുളകളാക്കിയാണ് നൽകുക. പൈനാപ്പിൾ, കക്കിരി, പഴം, മാമ്പഴം മുതലായ എട്ടോളം പഴ വർഗ്ഗങ്ങൾ കൂട്ടിച്ചേർത്ത് വിഭവസമൃദ്ധമായ സദ്യയാണ് ആനകൾക്ക് ഒരുക്കുന്നത്. 10,000 പേർക്ക് അന്നദാനവും ഉണ്ടാകും. വൈകീട്ട് വിശേഷാൽ ഭഗവത് സേവ നടക്കും. ആനയൂട്ട് ഒരു കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്യും.

ആനകളുടെ സുഖചികിത്സാകാലം

കർക്കടകത്തിൽ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ആനപപരിപാലനവും ഗജപൂജയും ആനയൂട്ടും ഗണപതി ഹോമത്തിന്റെ തുടർച്ചയായി നടക്കുന്നുണ്ട്. ഗുരുവായൂർ ആനക്കോട്ടയിൽ കഴിഞ്ഞദിവസം ദേവസ്വം ആനകൾക്ക് ചികിത്സയും പരിപാലനവും തുടങ്ങിയിരുന്നു

Advertisement
Advertisement