ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണം

Monday 08 July 2024 7:19 AM IST

പാരീസ്: ഫ്രാൻസിൽ പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർണം. 577 അംഗ പാർലമെന്റിനെ ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുന്ന നിർണായകമായ രണ്ടാം റൗണ്ട് വോട്ടെടുപ്പാണ് ഇന്നലെ നടന്നത്. ഇന്ത്യൻ സമയം,​ രാത്രി 11.30ന് പോളിംഗ് അവസാനിച്ചു. ഫലം ഇന്നറിയാം. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി മുന്നിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഭൂരിപക്ഷത്തിന് വേണ്ട 289 സീറ്റ് ഒറ്റയ്ക്ക് നേടുമോ എന്ന് വ്യക്തമല്ല. നാഷണൽ റാലി പാർലമെന്റിന്റെ നിയന്ത്രണം നേടിയാൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ജോർഡൻ ബാർഡെല്ല (28) അധികാരമേറ്റേക്കും. പാർട്ടിയുടെ ഉപനേതാവാണ് ജോർഡൻ. ജൂൺ 30ന് നടന്ന ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിൽ 33.15 ശതമാനം വോട്ടുമായി (38 സീറ്റ്) നാഷണൽ റാലി മുന്നിലെത്തിയിരുന്നു. ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് 27.99 ശതമാനവുമായി (32 സീറ്റ്) രണ്ടാമതെത്തി. 76 എം.പിമാരാണ് ആദ്യ റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ റെനെയ്സൻസ് പാർട്ടിയുൾപ്പെട്ട ലിബറൽ സഖ്യം 20.76 ശതമാനം (2 സീറ്റ്) മാത്രം നേടി മൂന്നാം സ്ഥാനത്തായി. തിരഞ്ഞെടുപ്പ് ഫലം മാക്രോണിനെ ബാധിക്കില്ലെങ്കിലും പ്രധാനമന്ത്രി പദം അടക്കം പാർലമെന്റിന്റെ നിയന്ത്രണം എതിരാളികൾക്ക് ലഭിക്കുന്നത് അദ്ദേഹത്തെ കടുത്ത സമ്മർദ്ദത്തിലാക്കും.

Advertisement
Advertisement