'ടൈറ്റാനിക്,​ അവതാർ' നിർമ്മാതാവ് ജോൺ ലാൻഡൗ അന്തരിച്ചു

Monday 08 July 2024 7:21 AM IST

ലോസ് ആഞ്ചലസ്: ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവും ഓസ്കാർ ജേതാവുമായ ജോൺ ലാൻഡൗ (63) അന്തരിച്ചു. ക്യാൻസറിനെത്തുടർന്ന് വെള്ളിയാഴ്ച ലോസ് ആഞ്ചലസിലായിരുന്നു അന്ത്യം. 1997ൽ പുറത്തിറങ്ങിയ ടൈറ്റാനിക് മികച്ച ചിത്രം, സംവിധാനം അടക്കം 11 ഓസ്കാറുകൾ നേടിയിരുന്നു. ആഗോളതലത്തിൽ 100 കോടി ഡോളർ കളക്ഷൻ നേടുന്ന ആദ്യ ചിത്രമാണ് ടൈറ്റാനിക്. അവതാറിന് മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു.

സംവിധായകൻ ജെയിംസ് കാമറണിനൊപ്പം ലാൻഡൗ ദീർഘകാലം പ്രവർത്തിച്ചു. പിതാവ് ഈലി എബ്രഹാം ലാൻഡൗ, മാതാവ് എഡി ലാൻഡൗ എന്നിവരും നിർമ്മാതാക്കളായിരുന്നു. 1960 ജൂലായ് 23ന് ന്യൂയോർക്ക് സിറ്റിയിലായിരുന്നു ജനനം. പ്രൊഡക്ഷൻ കമ്പനിയായ ട്വന്റീത്ത് സെഞ്ച്വറി ഫോക്സിൽ എക്സിക്യൂട്ടീവായി പ്രവർത്തിക്കവെ ദ ലാസ്റ്റ് ഒഫ് ദ മൊഹിക്കൻസ്, ഡൈ ഹാർഡ് 2 തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണത്തിൽ മേൽനോട്ടം വഹിച്ചു. ഹണി; ഐ ഷ്രങ്ക് ദ കിഡ്സ് തുടങ്ങിയ ചിത്രങ്ങളുടെ സഹ നിർമ്മാതാവാണ്. ഭാര്യ: ജൂലി. രണ്ടു മക്കളുണ്ട്.

Advertisement
Advertisement