ഫ്രാൻസിൽ ഇടതുപക്ഷം ഭരണത്തിലേക്ക്,​ മക്രോണിന്റെ പാർട്ടി രണ്ടാം സ്ഥാനത്ത്

Monday 08 July 2024 7:23 AM IST

പാരിസ്: ഫ്രാൻസിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയ്‌‌ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. എന്നാൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫലത്തെയും അഭിപ്രായ സർവെകളെയും നിഷ്‌പ്രഭമാക്കി രാജ്യത്തെ ഇടത‌ുപക്ഷം അധികാരത്തിലേക്ക് എത്തുന്ന കാഴ്‌ചയാണ് നിലവിലുള്ളത്. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷി സർക്കാരാകും അധികാരത്തിലേറുക. ഒന്നാം സ്ഥാനത്തുള്ളത് ഇടത്‌ പാർട്ടികളും രണ്ടാമത് പ്രസിഡന്റ് മാക്രോണിന്റെ സെൻട്രിസ്‌റ്റ് അലയൻസുമാണ്. അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ച തീവ്ര വലതുപക്ഷ പാർട്ടി നാഷണൽ റാലിയ്ക്ക് ജനഹിതം എതിരായി. മൂന്നാം സ്ഥാനം മാത്രമാണ് പാർട്ടിക്ക് നേടാനായത്.

ഇടത്‌സഖ്യത്തിന് 181 സീറ്റുകൾ നേടാനായപ്പോൾ മക്രോണിന്റെ സെൻട്രിസ്റ്റ് അലയൻസ് 160 സീറ്റുകളും മറൈൻ ലെ പെന്നിന്റെ നാഷണൽ റാലി 143 സീറ്റുമാണ് നേടിയത്. പുതിയ സർക്കാരുണ്ടാക്കാനായി പൂർണഫലം വരുംവരെ കാത്തിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ അറിയിച്ചു. ഫ്രഞ്ച് ദേശീയ അസംബ്ളി ചേരുക ജൂലായ് 18നാണ്. അടുത്ത സ‌ർക്കാ‌രിനെക്കുറിച്ച് അതിനകം അറിയാം.

ആഗോള നയതന്ത്ര വിഷയങ്ങളിലും യുക്രെയിൻ യുദ്ധ വിഷയത്തിലുമടക്കം ഫ്രാൻസിലെ വരുംകാല നിലപാടിൽ കാര്യമായ വ്യത്യാസം ഇടത് സർക്കാർ വന്നാൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രസിഡന്റ് മാക്രോണിനെതിരെ കടുത്ത ജനവികാരവും ഉണ്ട്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ പ്രസിഡന്റ് 28കാരനായ ജോർദാൻ ബാർഡെല്ല രാജ്യത്തെ അനിശ്ചിതത്വത്തിലേക്കും അസ്ഥിരതയിലേക്കും ഇമാനുവൽ മക്രോൺ തള്ളിയിട്ടെന്ന് കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് ഫലം ഭൂരിഭാഗം ഫ്രഞ്ച് പൗരന്മാർക്കും ആശ്വാസമേകുന്നതാണെന്നും ഫ്രഞ്ച് പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്നും ഇടതുപക്ഷ നേതാവ് ജീൻ ലൂക്ക് മെലൻചോൺ ആവശ്യപ്പെട്ടു. അതേസമയം ഫലസൂചനകൾ വന്നതോടെ ഫ്രാൻസിൽ പലയിടത്തും സംഘർഷം ഉടലെടുത്തതായും റിപ്പോർട്ടുണ്ട്.