പേമാരിയിൽ മുങ്ങി മുംബയ് നഗരം, ട്രെയിൻ ഗതാഗതമടക്കം ജനജീവിതം നിശ്ചലമായി

Monday 08 July 2024 1:00 PM IST

മുംബയ്: കനത്ത മഴയിൽ മുങ്ങി മുംബയ് നഗരം. കഴിഞ്ഞ 24 മണിക്കൂറായി തോരാതെ പെയ്യുന്ന മഴയിൽ ട്രെയിൻ സർവീസുകളടക്കം നിശ്ചലമായിരിക്കുകയാണ്. രാത്രി ഒരു മണി മുതൽ രാവിലെ ഏഴ് മണിവരെ 300 എംഎം മഴയാണ് ലഭിച്ചത്. കനത്ത പേമാരിയുടെ പശ്ചാത്തലത്തിൽ നിലവിൽ മുംബയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അമ്പതിലധികം വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കാറുകൾ പലതും വെള്ളത്തിനടിയിലാണ്. നഗരത്തിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വർലി, ബന്ദാര ഭവൻ, കിംഗ്‌സ് സർക്കിൾ ഏരിയ, ദാദാർ, വിദ്യുവിഹാർ എന്നീ റെയിൽവേ സ്റ്റേഷനുകളെല്ലാം വെള്ളത്തിനടിയിലാണ്. ദിവസേന 30 ലക്ഷം ആളുകളാണ് ഇവിടങ്ങളിൽ ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്. പലയിടത്തും മണ്ണിടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. 4.4 മീറ്ററോളം തിരമലകൾ വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

മുംബയിലെ പലയിടങ്ങളിലും എൻഡിആർഎഫ് ടീമിനെ വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 49 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായി എൻഡിആർഎഫ് അറിയിച്ചു. താനേയിലെ ഒരു റിസോർട്ടിലാണ് ഇവർ കുടുങ്ങിപ്പോയത്. കൂടാതെ പൽഗാറിലെ പതിനാറോളം ഗ്രാമീണരേയും ദൗത്യസേന രക്ഷപ്പെടുത്തി.

Advertisement
Advertisement