ആയുഷ്‌മാൻ പദ്ധതി വിപുലീകരണം

Tuesday 09 July 2024 12:21 AM IST

പുതിയ കാലത്ത് മനുഷ്യർക്ക് താങ്ങാനാവാത്ത ചെലവാണ് ഗുരുതരമായ അസുഖങ്ങൾ ബാധിച്ചാൽ നേരിടേണ്ടിവരുന്നത്. സർക്കാർ ആശുപത്രികളിൽ മതിയായ സൗകര്യങ്ങളുടെ അഭാവം കാരണം തീരെ നിർദ്ധനരായവർ ഒഴികെയുള്ള സാധാരണക്കാരും ഇടത്തരക്കാരും വരെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുക. ഒരു പനിക്ക് ചികിത്സിക്കാനും പരിശോധനകൾ നടത്താനും പോലും ആയിരങ്ങളുടെ ചെലവാണ് ഇപ്പോൾ. സങ്കീർണവും ഗുരുതരവുമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി ദിവസങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ സ്വകാര്യ ആശുപത്രികളിൽ വേണ്ടിവരും. വികസിത രാജ്യങ്ങളിൽ നികുതി കൂടുതലാണെങ്കിലും പൗരന്മാരുടെ ആരോഗ്യസുരക്ഷ ഒരുക്കുന്നത് സർക്കാരാണ്. നമ്മുടെ രാജ്യത്ത് സൗജന്യ ചികിത്സ പ്രദാനം ചെയ്യുന്നത് സർക്കാർ ആശുപത്രികൾ മാത്രമാണ്.

ഒന്നാന്തരം ഡോക്ടർമാരും സംവിധാനങ്ങളുമൊക്കെയുണ്ടെങ്കിലും അവയുടെ നടത്തിപ്പ് പിടിപ്പുകെട്ട നിലയിലാണ്. അതിൽ മാറ്റം വരാതെ എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ കേന്ദ്രങ്ങളായി സക്കാർ ആശുപത്രികൾ മാറില്ല. എന്നാൽ, സ്വകാര്യ ആശുപത്രി ചികിത്സ പോലും സാധാരണക്കാർക്ക് പ്രാപ്യമാക്കുന്ന ആരോഗ്യ സുരക്ഷാ ഇൻഷ്വറൻസ് പദ്ധതികളിലൊന്നാണ് കേന്ദ്ര സർക്കാരിന്റെ ആയുഷ്‌‌മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി. ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി അഞ്ചു ലക്ഷം രൂപ വരെ സൗജന്യമായി വിനിയോഗിക്കാവുന്നതാണ്. പൂർണമായും സർക്കാർ നിയന്ത്രണത്തിലുള്ള പദ്ധതിയുടെ ഏറ്റവും വലിയ പ്രയോജനങ്ങളിലൊന്ന് സർക്കാർ, സ്വകാര്യ ആശുപത്രിയെന്ന പരിഗണന കൂടാതെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളിൽ നിന്നും,​ പണം നൽകാതെ തന്നെ ചികിത്സ ലഭ്യമാകും എന്നതാണ്.

പാവപ്പെട്ട നിരവധി പേർക്ക് പ്രയോജനം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ പദ്ധതി കൂടുതൽ വിപുലീകരിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി വന്ന റിപ്പോർട്ടുകൾ വളരെ പ്രതീക്ഷയുണർത്തുന്നതാണ്. ആയുഷ്‌മാൻ ഭാരതിന്റെ പരിരക്ഷ അ‍ഞ്ചു ലക്ഷത്തിൽ നിന്ന് പത്തുലക്ഷമായി ഉയർത്തുമെന്നാണ് അറിയുന്നത്. ഇതിനു പുറമെ,​ സാമ്പത്തിക നില കണക്കാക്കാതെ എഴുപതു വയസിനു മുകളിലുള്ള എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകളും നടക്കുന്നു. പുതിയ ബഡ്‌ജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം വരുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതിയിൽ അംഗങ്ങളായ നിർദ്ധന കുടുംബങ്ങളിലുള്ളവർക്കാണ് നിലവിൽ പ്രായപരിധിയില്ലാതെ സൗജന്യ ചികിത്സ ലഭിക്കുന്നത്. ഇതാണ് ഇനി വരുമാന പരിധിയില്ലാതെ എഴുപതു വയസിനു മുകളിലുള്ള എല്ലാവർക്കുമായി നൽകാൻ ആലോചിക്കുന്നത്.

2022-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ അറുപതു വയസ് കഴിഞ്ഞവർ 15 കോടിയോളം വരും. എഴുപതു പിന്നിട്ടവർക്ക് സ്വന്തമായി സമ്പാദിക്കാനും ജോലിചെയ്യാനും മറ്റുമുള്ള മാർഗങ്ങൾ പരിമിതമാണ്. ഈ സമയത്ത് അസുഖബാധിതരാകുന്നവർ കുടുംബത്തിന് ബാദ്ധ്യതയായി മാറുന്നത് വലിയൊരു പരിധി വരെ ഒഴിവാക്കാൻ ഉതകുന്നതാണ് സർക്കാരിന്റെ പുതിയ നീക്കം. കുടുംബത്തിനൊപ്പം ചേർക്കാതെ വയോധികരെ മാത്രം ഉൾപ്പെടുത്തിയുള്ള പദ്ധതിയാവും കൂടുതൽ അഭികാമ്യം. എഴുപതിനു മുകളിലുള്ള എല്ലാവർക്കും ആയുഷ്‌മാൻ ഭാരതിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു സൂചന നൽകിയിരുന്നതിനാൽ ഈ പദ്ധതി നടപ്പാകുമെന്നുതന്നെ പ്രതീക്ഷിക്കാം. ഇതിനായി 12,076 കോടി രൂപ കേന്ദ്ര സർക്കാർ അധികമായി കണ്ടെത്തേണ്ടിവരുമെന്നാണ് ദേശീയ ആരോഗ്യ അതോറിട്ടിയുടെ കണക്ക്.

Advertisement
Advertisement