ബദിയടുക്കയിൽ കഞ്ചാവ് മാഫിയാ സംഘങ്ങൾ പിടിമുറുക്കി വിതരണക്കാരൻ വീണ്ടും അറസ്റ്റിൽ
കാസർകോട്: ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് മാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നു. കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിൽപ്പെട്ട യുവാവ് വീണ്ടും അറസ്റ്റിലായി. നീർച്ചാൽ മെനസ്സിനപ്പാറയിലെ റഫീഖിനെ(21)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് ബദിയടുക്ക ബസ് സ്റ്റാന്റിന് സമീപം കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് റഫീഖ് പൊലീസ് പിടിയിലായത്.
നേരത്തെ സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ റഫീഖിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച റഫീഖ് കഞ്ചാവ് വിതരണം തുടരുകയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. നീർച്ചാലിലും പരിസരങ്ങളിലും കഞ്ചാവ് വിതരണത്തിനെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് റഫീഖെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളും യുവാക്കളും ഇതര സംസ്ഥാനതൊഴിലാളികളും അടക്കമുള്ളവർക്കാണ് റഫീഖ് കഞ്ചാവ് വിതരണം ചെയ്യുന്നത്.
നീർച്ചാൽ മെനസ്സിനക്കര റോഡരികിലെ ഒരു കെട്ടിടത്തിന് സമീപം വൈകുന്നേരങ്ങളിലാണ് കഞ്ചാവ് സംഘം തമ്പടിക്കുന്നത്. അതേ കെട്ടിടത്തിന് സമീപം കഞ്ചാവ്, എം.ഡി.എം.എ, കർണ്ണാടകയിൽ നിന്നുള്ള പായ്ക്കറ്റ് മദ്യം തുടങ്ങിയവ വിൽക്കുന്ന മറ്റൊരു സംഘവുമുണ്ടത്രെ. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബദിയടുക്ക, നീർച്ചാൽ, സീതാംഗോളി ഭാഗങ്ങളിലാണ് കഞ്ചാവും മദ്യവും മയക്കുമരുന്നും വ്യാപകമായി വിൽപ്പന നടത്തുന്നത്. സീതാംഗോളി പെട്രോൾ പമ്പിന് സമീപത്ത് വൈകുന്നേരങ്ങളിൽ കഞ്ചാവ് വിൽപ്പനക്ക് സംഘം എത്തുന്നതായി നാട്ടുകാർ പറയുന്നു.
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
വിദ്യാനഗർ: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ ചെർക്കളയിൽ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. എരിയപ്പാടിയിലെ കെ.എം ജാബിർ (32) ആണ് അറസ്റ്റിലായത്. ചെർക്കള മാർത്തോമ സ്‌കൂളിന് സമീപം വച്ച് വിദ്യാനഗർ എസ്.ഐ വി.വി അജീഷും സംഘവും നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത്. 4.33 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. ജാബിർ ഓടിച്ച ഹ്യുണ്ടായ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ പ്രസാദ്, സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, ബൈജു എന്നിവർ പരിശോധക സംഘത്തിലുണ്ടായിരുന്നു.