കാസർകോട് ജില്ലയിൽ ദിനംപ്രതി ആറ് സൈബർ കേസുകൾ: നിയന്ത്രിക്കാൻ പൊലീസ് ബോധവത്കരണ ക്യാമ്പയിൻ

Tuesday 09 July 2024 1:44 AM IST

കാഞ്ഞങ്ങാട്: ജില്ലയിൽ ദിനംപ്രതി ആറ് സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി ജില്ലാ പൊലിസ് ചീഫ് പി.ബിജോയ്. സംസ്ഥാനത്ത് ഇത് 150 ആയി ഉയരും. ഇത് കുറയ്ക്കാനുള്ള ശ്രമത്തിനായി ഒരാഴ്ചത്തെ ക്യാമ്പയിൻ ജില്ലയിൽ നടക്കുകയാണ്. കാസർകോട് മർച്ചന്റ് അസോസിയേഷനിലും കളക്ടറേറ്റിലും ഐ.എം.എ പ്രതിനിധികൾക്കും കാഞ്ഞങ്ങാട് മർച്ചന്റ് അസോസി യേഷനിലും ഇതു സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി കഴിഞ്ഞു.

പലതരം ക്രൈമുകളാണ് ഓൺലൈൻ ലോകത്ത് നടക്കുന്നത്. മൊബൈൽ ഫോണിൽ വരുന്ന ലിങ്കുകൾ വഴി ആപ്പുകളുപയോഗിച്ച് രഹസ്യങ്ങൾ ചോർത്തി നടക്കുന്ന ക്രൈമുകൾ.പുതുതായി സ്‌പെടക്സ് എന്ന പേരിൽ പാർസലുകൾ എത്തിച്ച് അവയിൽ നിരോധിത സാധനങ്ങൾ അയച്ച് ആളുകളെ കുടുക്കി ശേഷം പൊലീസ് ആണ് എന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യുന്ന രീതിയിലുള്ള തട്ടിപ്പുകൾ. ഇതു കൂടാതെ ഹോട്ടലുകൾക്ക് റിവ്യു ചെയ്ത് പണം അക്കൗണ്ടിൽ അയച്ച് കൊണ്ട് അവസാനം കൂടുതൽ പണം അയക്കാൻ ടാക്സുണ്ടാവുമെന്ന് പറഞ്ഞ് പണം അയച്ച് കബളിപ്പിക്കുന്ന പരിപാടിയും സൈബർ ക്രൈമായി നടക്കുന്നു. ഇങ്ങനെ ജില്ലയിലെ ഒരു ഡോക്ടർക്ക് നഷ്ടപ്പെട്ടത് രണ്ടു കോടി ഇരുപത് ലക്ഷം രൂപയാണ്.

വ്യാജ ഫേസ്ബുക്ക് ഉപയോഗിച്ച് പണം തട്ടുന്നവരും സൈബർ ലോകത്തുണ്ട്. അനാവശ്യമായ ലോൺ ആപ്പുകളിൽ നിന്നും പണം കട മെടുത്താലും ഭീഷണിയുടെ രൂപത്തിൽ ക്രൈം നടക്കുന്നതായും വാർത്താ സമ്മേളനത്തിൽ ജില്ലാ പൊലീസ് ചീഫ് കൂട്ടി ചേർത്തു. എല്ലാത്തിൽ നിന്നും രക്ഷനേടാൻ കൃത്യമായ ബോധവൽക്കരണമാണ് പൊലീസ് ലക്ഷ്യമിടുന്നത്. വാർത്താസമ്മേളനത്തിൽ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി.ആസാദും സംബന്ധിച്ചു.

തട്ടിപ്പ് നടന്നാൽ ഒരു മണിക്കൂറിനുള്ളിൽ 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം. അതിനു ശേഷമാണ് അറിയിക്കുന്ന തെങ്കിൽ പണം അക്കൗണ്ടിൽ നിന്നും പിൻവലിക്കപ്പെടുമെന്നും ജില്ലാ പൊലീസ് ചീഫ് അറിയിച്ചു.

സൈബർ ചതിക്കുഴിൽ അകപ്പെടാതിരിക്കാൻ

നിങ്ങളുടെ ഫോണിൽ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് പരിശോധിക്കുക

ഓൺലൈൻ ഇടപാടിൽ പണം നഷ്ടപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക

സംശയാസ്പദമായ കോളുകൾ അറ്റന്റ് ചെയ്യരുത്. ഒ.ടി.പി നമ്പർ ആർക്കും കൈ മാറരുത്

ഓൺലൈൻ പാർട് ടൈം ജോലി വാഗ്ദാനങ്ങളിൽ വീണു പോവരുത് അനാവശ്യ ലിങ്കുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യരുത്. സുരക്ഷിതമായ പാസ് വേർഡ് ഉപയോഗിക്കുക. വ്യക്തിഗത വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുക

ഐ.എം.ഇ.ഐ നമ്പർ സൂക്ഷിച്ചു വയ്ക്കുക. ഫോണിലൂടെ അനാവശ്യ ഗെയിമുകളിൽ ഏർപ്പെടാതിരിക്കുക

ലോൺ ആപ്പുകളിലെ ചതിക്കുഴികളിൽ ജാഗ്രത പാലിക്കുക

Advertisement
Advertisement