ജമ്മുവിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം,​ നാലു സൈനികർക്ക് വീരമൃത്യു

Monday 08 July 2024 9:23 PM IST

കത്‌വ: ജമ്മു കാശ്മീരിലെ കത്‌വയിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ആറു സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് ഭീകരാക്രമണം ഉണ്ടായത്. കത്‌വയിൽ നിന്ന് 150 കിലോമീറ്റർ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം. ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് കൂടുതൽ സൈനിക സംഘങ്ങളെ അയച്ചിട്ടുണ്ട്.

പ്രദേശത്ത് സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഭീകരർ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ സൈന്യവും തിരിച്ചടിച്ചെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ 9 കോർപ്‌സിന്റെ കീഴിലാണ് പ്രദേശം.