ട്രെയിനിനടിയിൽപ്പെട്ട് യുവതിയുടെ കാലുകൾ നഷ്ടമായി

Tuesday 09 July 2024 12:21 AM IST

മുംബയ്: തിരക്കേറിയ ട്രെയിനിൽ കയറാൻ ശ്രമിക്കവെ കാൽ വഴുതി ട്രാക്കിൽ വീണ യുവതിയുടെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങി. മുംബയ് ബെലാപൂ‌ർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. താനെയിലേക്ക് പോകുകയായിരുന്ന യുവതി നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാലുതെന്നി പാളത്തിലേക്ക് വീഴുകയായിരുന്നു. യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിലും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു. ട്രെയിനിന്റെ ഒരു കമ്പാർട്ട്‌മെന്റ് യുവതിയുടെ ദേഹത്ത് കയറിയിറങ്ങിയിരുന്നു. മറ്റ് യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ബഹളം വെച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തി. പിന്നീട് സാവധാനം ട്രെയിൻ പിന്നിലേക്ക് എടുത്താണ് യുവതിയെ പുറത്തെടുത്തത്. പിന്നോട്ടെടുക്കുന്ന ട്രെയിനിനിടയിൽ നിന്ന് യുവതിയെ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ ട്രെയിൻ പിന്നോട്ടെടുക്കുമ്പോൾ കാലിൽ രക്തം വാർന്ന് ‌ട്രാക്കിൽ ഇരിക്കുന്ന യുവതിയെ കാണാം. ഇവരെ സഹായിക്കാനായി പൊലീസുകാർ ട്രാക്കിലേക്ക് ഇറങ്ങുന്നതും വീഡിയോയിൽ കാണാം. ഇവരുടെ കാലുകൾ നഷ്ടപ്പെന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് മുംബയിൽ വെള്ളക്കെട്ടായതിനാൽ നിരവധി ലോക്കൽ ട്രെയിൻ റദ്ദാക്കുകയും അനിശ്ചിതമായി വൈകുകയും ചെയ്തു. ഇതാണ് വലിയ തിരക്കിന് കാരണമായത്.

Advertisement
Advertisement